ജല്‍ജീവന്‍ മിഷന്‍ പദ്ധതി; കാസർകോട് ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും; കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

  • Post category:local news
  • Reading time:2 mins read
You are currently viewing ജല്‍ജീവന്‍ മിഷന്‍ പദ്ധതി; കാസർകോട് ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും; കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കാസർകോട്: ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജല്‍ജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കാന്‍ കണ്ടെത്തിയ പ്ലാന്റേഷന്‍ കോര്‍പറേഷൻ്റെ കൈവശമുള്ള ഭൂമിയില്‍ , കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോടൊപ്പം സ്ഥല പരിശോധന നടത്തി ത്വരിതഗതിയില്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് ലിമിറ്റഡ് എം.ഡിക്ക് ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.

വലിയപറമ്പ് വില്ലേജില്‍ പഞ്ചായത്തിൻ്റെ അധീനതയിലുള്ള സര്‍വ്വേ നമ്പര്‍ 222 – ല്‍ പെട്ട 15 സെന്റ് ഭൂമി ജല്‍ജീവന്‍ മിഷന്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിനായി ഭൂമി കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

കുമ്പള ഗ്രാമപഞ്ചായത്തില്‍പെട്ട ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ റിസര്‍വേ നമ്പര്‍ 35-ല്‍പ്പെട്ട 2 ഏക്കര്‍ ഭൂമി പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 27ന് വാട്ടര്‍ അതോറിറ്റി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ അമ്പലക്കമ്മിറ്റി തടസ്സവാദം ഉത്തയിച്ചതിനെത്തുടര്‍ന്ന് ഭൂമി അളക്കാന്‍ സാധിച്ചിരുന്നില്ല. മെയ് 16ന് ഭൂമിയില്‍ സര്‍വേ നടത്താന്‍ സര്‍വ്വേയര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്‍)നോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

ആദൂര്‍ വില്ലേജില്‍ റീസര്‍വേ നമ്പര്‍ 404-ല്‍പ്പെട്ട 20 സെന്റ് ഭൂമി നിലവില്‍ കാറഡുക്ക ഗ്രാമപഞ്ചായത്തിൻ്റെ അധീനതയില്‍പ്പെട്ട ഭൂമിയാണെന്നും പദ്ധതി നടത്തിപ്പിനായി കേരള വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ട ഭൂമിയില്‍ മാറ്റമുള്ളതിനാല്‍ സ്ഥലപരിശോധന നടത്താന്‍ സാധിച്ചില്ലെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.

ജല്‍ ജീവന്‍ പദ്ധതി നടത്തിപ്പിനായി ആവശ്യമായ സ്വകാര്യഭൂമി സംബന്ധിച്ച വിവരങ്ങള്‍ (മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം) ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് അയച്ചുകൊടുക്കാനും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പമായി ബന്ധപ്പെട്ട വിഷയത്തില്‍ പുരോഗതി വിലയിരുത്താന്‍ എല്ലാ ആഴ്ചയിലും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.

യോഗത്തില്‍ കൃത്യമായി പങ്കെടുക്കാതിരുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കാനും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാസർകോട് ഡെപ്യൂട്ടി കളക്ടർ (എൽ. ആർ ) ജഗി പോൾ ,കാസര്‍കോട് തഹസില്‍ദാര്‍ വി. എ ജൂഡി, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി. വി മുരളി, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം. മണിരാജ്, മഞ്ചേശ്വരം തഹസില്‍ദാര്‍ പി. ജെ ആന്റോ , കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സുധീപ് , വലിയപറമ്പ , കുമ്പള, കാറഡുക്ക , തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ജെയിംസൺ മാത്യു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

0Shares