
ആലപ്പുഴ: ഗുണനിലവാരമില്ലാത്ത കോണ്‍ഫ്‌ളക്‌സ് ബിസ്‌കറ്റ് വിറ്റതിന് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരവും 10000 രൂപ കോടതി ചെലവും നല്‌കാന്‍ ഉത്തരവ്. മാന്നാര്‍ തോംസണ്‍ ബേക്കറിക്കും ജോളി ഫുഡ് പ്രൊഡക്‌ട്‌സിനുമെതിരെ മാവേലിക്കര ബാറിലെ അഭിഭാഷകന്‍ തഴക്കര കാങ്കാലിമലയില്‍ സരുണ്‍ കെ.ഇടിക്കുള നല്‍കിയ പരാതിയിലാണ് ആലപ്പുഴ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

2021 സെപ്‌റ്റംബര്‍ മൂന്നിന് തോംസണ്‍ ബേക്കറിയില്‍ നിന്ന് സരുണ്‍ വാങ്ങിയ കോണ്‍ഫ്‌ളെക്‌സ് ബിസ്‌കറ്റ് കനച്ചതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ളതും ആയിരുന്നെന്നാണ് പരാതി. തുടര്‍ന്ന് ഉപഭോക്‌തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. തിരുവനന്തപുരം ഗവ. അനലിസ്‌റ്റ് ലാബിലേക്കയച്ച് പരിശോധിച്ചപ്പോള്‍ ബിസ്‌കറ്റുകള്‍ ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തി.
ബിസ്‌കറ്റ് നിര്‍മ്മിച്ചത് ഏത് തരം ഭക്ഷ്യ എണ്ണയാണ് എന്നുള്ള കാര്യവും ലേബലില്‍ പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കമ്മിഷന്‍ പ്രസിഡണ്ട് എസ്.സന്തോഷ് കുമാറും അംഗം സി.കെ ലേഖാമ്മയും ഒരു ലക്ഷം രൂപ പരാതിക്കാരന് സേവനത്തിലുണ്ടായ വീഴ്‌ചയക്കും മറ്റും നഷ്‌ടപരിഹാരമായി നല്‍കുവാനും 10000 രൂപ കോടതി ചെലവ് നല്‍കുവാനും ഉത്തരവിട്ടത്.
