അന്തിത്തിരിയനായി മോഹനന് ദൈവനിയോഗം; തിരുനടയിൽ കലശം കുളിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing അന്തിത്തിരിയനായി മോഹനന് ദൈവനിയോഗം; തിരുനടയിൽ കലശം കുളിച്ചു

കാസർകോട്: ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പേരുകേട്ട കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം കഴകത്തിൽ പുതിയ അന്തിത്തിരിയനായി കലശം കുളിച്ച് ആചാരസ്ഥാനമേറ്റു. പ്രസിദ്ധമായ തെക്കെക്കര ഒണ്ടാംപുളിക്കാൽ തറവാട് കുടുംബാംഗമായ മീത്തൽ വീട് മോഹനനാണ് ഭഗവതിയുടെ അന്തിത്തിരിയനാവാൻ ദൈവനിയോഗം ലഭിച്ചത്. കളിയാട്ടം കൂടിയ ഞായറാഴ്ച രാത്രി നടന്ന ചുറ്റാട്ടം എഴുന്നള്ളത്തിന്‌ മുൻപായി ക്ഷേത്ര തിരുനടയിലാണ് സ്ഥാനാരോഹണം നടന്നത്.

കുറ്റിക്കോൽ ഓണ്ടാംപുളിക്കാൽ തറവാട്ടിലെ കണ്ണൻ അന്തിത്തിരിയൻ്റെ വിയോഗത്തെ തുടന്നാണ്‌ ഈ മഹനീയസ്ഥാനം ഏറ്റെടുക്കാൻ മോഹനന് നിയോഗമുണ്ടായത്. കലശം കുളിക്കലിൻ്റെ മുന്നോടിയായി ഭണ്ടാരവീട്ടിലും തറവാട്ടിലും പ്രാർഥിക്കുകയും ആചാര സ്ഥാനികരുടെയും ഗുരുകാരണവന്മാരുടെയും കുടുംബ മൂപ്പൻമാരുടെയും അനുഗ്രഹം വാങ്ങി മോഹനൻ കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിലെത്തി കലശതീർത്ഥം കുളിക്കുകയായിരുന്നു. ചെമ്പ് കുടത്തിൽ നിന്നും തീർത്ഥവും കൈവട്ടകയിൽ നിന്നും മഞ്ഞൾ പ്രസാദവും ശിരസാവഹിച്ചു. കലശം കുളി കാണാൻ നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.

0Shares