
കാഞ്ഞങ്ങാട്/ കാസര്‍കോട്: മുതിർന്ന ബി. ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരെ പോലിസ് കേസ്സെടുത്തത് സി.പി.എമ്മിന്‍റെ രാഷ്ട്രിയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ ശ്രീകാന്ത് ആരോപിച്ചു. ഇതിനെതിരെ സംസ്ഥാനത്ത് നടക്കുന്ന കരിദിനാചരണത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന പ്രതിക്ഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുമ്മനത്തിനെതിരെ യാതൊരു ആരോപണമോ ആക്ഷേപമോ താന്‍ ഉന്നയിച്ചിട്ടില്ലെന്ന് പരാതിക്കാരൻ തന്നെ പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ കുമ്മനത്തിന്‍റെ പേര് എഫ്ഐആറിൽ എങ്ങനെ വന്നു എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കള്ളക്കേസ് കൊണ്ട് തളർത്താൻ കഴിയുന്ന വ്യക്തിത്വമല്ല കുമ്മനം രാജശേഖരൻ്റേത്.സംശുദ്ധ രാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് അദ്ദേഹം.കുമ്മനം രാജശേഖരനെ അപകീർത്തിപ്പെടുത്താനുള്ള സി.പി.എം നീക്കം ജനാധിപത്യപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് എൻ. മധു അധ്യക്ഷത വഹിച്ചു.കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ബളാൽ കുഞ്ഞിക്കണ്ണൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഇ. കൃഷ്ണൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് റോയി പറക്കളായി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ വേണുഗോപാൽ, പ്രശാന്ത് എം. എന്നിവർ സംസാരിച്ചു.
