
കാസറഗോഡ്: കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. കുടുംബ സമേതം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിറക്കിയ സംഭവമാണ് പ്രതിഷേധത്തിന് കാരണം. പോലീസ് ടോൾ കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സോഷ്യൽ മീഡിയകളിൽ പ്രതിഷേധം കനക്കുകയാണ്. ബോവിക്കാനം സ്വദേശി മുഹമ്മദ് റിയാസിനെയാണ് (33) കുമ്പള പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ (സി.ഐ) മുകുന്ദൻ ടി.കെ.യുടെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കിയത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസിനെതിരെ നാട്ടുകാർ രംഗത്ത വന്നത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. കുമ്പള ടോളിൽ നിർബന്ധിത ടോൾ ആരംഭിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. റിയാസ് സഞ്ചരിച്ച കാർ ടോൾ പ്ലാസയിൽ എത്തി ടോൾ അടച്ച് മുന്നോട്ട് എടുക്കുമ്പോൾ ബാരിയർ അപ്രതീക്ഷിതമായി താഴേക്ക് വീഴുകയും കാറിൻ്റെ ഗ്ലാസിൽ തട്ടുകയുമായിരുന്നു. ഇത് യുവാവ് ചോദ്യം ചെയ്തതോടെയാണ് ടോൾ ജീവനക്കാരുമായി തർക്കം ഉടലെടുത്തത്. ഹിന്ദി സംസാരിക്കുന്ന ജീവനക്കാരനുമായി ആശയവിനിമയം നടത്താൻ പ്രയാസപ്പെട്ടതോടെ സമയം നീളുകയും ടോൾ ലൈനിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി യുവാവിനോട് വാഹനം എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു.

ഇതിന് വഴങ്ങാതെ ആയതോടെയാണ് യുവാവിനെ ബലം പ്രയോഗിച്ച് മാറ്റിയതെന്ന് പോലീസ് പറയുന്നു. എന്നാൽ പോലീസിനെതിരെ ഗുരുതര ആരോപണമാണ് യുവാവ് ഉന്നയിക്കുന്നത്. പോലീസ് എത്തി തൻ്റെ ഭാഗം കേട്ടില്ല എന്നും ടോൾ കമ്പനിക്ക് വേണ്ടി പെരുമാറുന്നത് പോലെ ഗുണ്ടകളെ പോലെ പെരുമാറിയെന്നും പറയുന്നു. എന്നോട് ദേശ്യപ്പെട്ടായിരുന്നു പോലീസ് പെരുമാറിയത്. അതോടെ എന്തനാണ് ചുടാവുന്നത് എന്ന് ഞാൻ ചോദിച്ചു. അതോടെ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ഠിച്ചു. പോലീസ് മാന്യമായി പെരുമാറിയിരുന്നെങ്കിൽ അത്തരം ഒരു സംഭവം നടക്കില്ലായിരുന്നു. എല്ലാം ദൃശ്യങ്ങളിൽ കാണാമെന്നും യുവാവ് പറയുന്നു. കൂടെയുള്ള കുടുംബം ഭയന്നു. പിഞ്ചുകുഞ്ഞുള്ളത് പോലും പോലീസ് ഗൗനിച്ചില്ല. കൂടിയുണ്ടായിരുന്ന ബന്ധുവിന് കൈക്ക് ഓപ്പറേഷൻ കഴിഞ്ഞതാണ്. എന്നെ പോലീസിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവർക്കും പരിക്കേറ്റു. പോലീസിനെതിരെ നടപടി വേണമെന്നും യുവാവ് പറയുന്നു. പോലീസിനെതിരെ യുവാവ് മനുഷ്യാവകാശ കമ്മീഷനും ഡി.ജി.പിക്കും പരാതി നൽകി.
