
കാസര്‍കോട്: ജില്ലയിലെ ഓണ വിപണി കീഴടക്കാൻ ജില്ലയിലെ കുടുംബശ്രീ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ 42 സി.ഡി. എസ്സുകളിലും ഓണച്ചന്തകൾ സംഘടിപ്പിച്ചുകൊണ്ട് കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറിയും മറ്റു മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഓണ വിപണി കീഴടക്കാൻ അണിനിരക്കും. പഞ്ചായത്ത് തല ചിന്തകൾക്ക് പുറമേ ജില്ലാതലത്തിൽ ഓണച്ചന്ത ചെറുവത്തൂരിൽ സംഘടിപ്പിക്കും.
ചെറുവത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തോട് ചേർന്ന കുടുംബശ്രീ ബസാറിലാണ് ജില്ലാതല ഓണച്ചന്ത സംഘടിപ്പിക്കുന്നത്. ആഗസ്ത് 11 മുതൽ 20 വരെ 10 ദിവസമാണ് ജില്ലാതല ഓണച്ചന്ത. കോവിഡ് ചട്ടം പാലിച്ച് നടക്കുന്ന ചന്തയിൽ പ്രവേശിക്കുന്നവരെ തെർമൽ സ്കാനിങിന് വിധേയരാക്കും. ഓണച്ചന്തയോട് ചേർന്ന് ഒരുക്കുന്ന വേദിയിൽ ചന്തയിലെത്തുന്നവർക്ക് പാട്ടു പാടാനും കലാപരിപാടികൾ അവതരിപ്പിക്കാനും അവസരം ഒരുക്കും.

ജില്ലയിലെ മുന്നൂറിൽപ്പരം കുടുംബശ്രീ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ, ലൈവ് കിച്ചൺ, പായസം ഫെസ്റ്റ് എന്നിവ മുഖ്യ ആകർഷണങ്ങളാണ്. ഇതിനുപുറമേ ഓണക്കിറ്റുകളും വിപണിയിൽ ലഭ്യമാകും. കിറ്റിൽ ലഭ്യമാക്കുന്ന എല്ലാ ഉത്പന്നങ്ങളും ഹോൾസെയിൽ വിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. 350 രൂപ വിലമതിക്കുന്ന കിറ്റ് 300 രൂപയ്ക്ക് ലഭ്യമാക്കും. സർക്കാർ സിവിൽ സപ്ലൈസ് വഴി നൽകുന്ന കിറ്റിൽ ഉൾപ്പെടുത്താത്ത ഉത്പന്നങ്ങളാണ് കുടുംബശ്രീ കിറ്റിൽ ലഭിക്കുക. 1500 കിറ്റുകളാണ് കുടുംബശ്രീ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
കേരള സർക്കാരിന്‍റെ ഓണക്കിറ്റിലെ തുണി സഞ്ചിയും, ശർക്കര വരട്ടിയും, സഫലം യൂണിറ്റിന്‍റെ കശുവണ്ടിയും നൽകി ഇതിനോടകംതന്നെ എൺപത് ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ജില്ലയിലെ സംരംഭകർ നേടിയെടുത്തു കഴിഞ്ഞു. കഴിഞ്ഞ വർഷം ഓണച്ചന്തയിലൂടെ 30 ലക്ഷം രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ മിഷന് നേടാൻ സാധിച്ചതെന്നും ഇത്തവണ ജില്ലാതല ഓണച്ചന്തയിൽ നിന്ന് മാത്രം കൂടുതൽ വിറ്റുവരവ് പ്രതീക്ഷിക്കുന്നുവെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.ടി സുരേന്ദ്രൻ പറഞ്ഞു.
