
കാസര്‍കോട് നഗരസഭയുടെ അഭിമുഖ്യത്തിൽ കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കി വരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നോമ്പ് തുറ വിഭവങ്ങളുണ്ടാക്കി വിൽപ്പന നടത്തുന്നതായി ബുര്‍ഹാന്‍ അബ്ദുല്ല എന്ന വ്യക്തി
സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുകയുണ്ടായി. കമ്മ്യൂണിറ്റി കിച്ചണിലേക്ക് പല ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളും, സംഘടനകളും അരി, പച്ചക്കറികൾ എന്നിവർ സംഭാവനകൾ നൽകിയിരുന്നു. അവ ഉപയോഗിച്ചും നഗരസഭയുടെ സഹായ സഹകരണത്താലുമാണ് കമ്മ്യൂണിറ്റി കിച്ചൺ വളരെ നല്ല രീതിയിൽ നടന്നു വരുന്നത്.
നാല് വർഷം മുമ്പ് നഗരസഭ കോമ്പൗണ്ടിനകത്ത് ആരംഭിച്ച കഫെശ്രീ കാൻറിനിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. നാളിതുവരെയായും കഫെ ശ്രീ കാന്റീനിൽ സമൂസ ഉണ്ടാക്കിയിട്ടില്ല. മൂന്ന് സ്ത്രീകളാണ് കഫെശ്രീ കാൻറിനിൽ പാചകം ചെയ്തു വരുന്നത്. കിച്ചണിലെ നോമ്പെടുക്കുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് കട്ലറ്റ്, ഉന്നക്കായ എന്നിവയുണ്ടാക്കുന്നത്. ഇവ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള പഴുത്ത നേന്ത്രപ്പഴവും ചിക്കനും ബ്രെഡും കാസർകോട് മാർക്കറ്റിൽ നിന്ന് വാങ്ങുന്നതാണ്.
ഇത്തരം സാധനങ്ങൾ ആരും തന്നെ കമ്മ്യൂണീറ്റി കിച്ചണിലേക്ക് സംഭാവന നൽകിയിട്ടില്ല. മാധ്യമത്തിലൂടെ പരാമർശിച്ച വനിതാ കൗൺസിലർ കുടുംബശ്രീ അംഗമായതിനാലും മറ്റു കുടുംബശ്രീ അംഗങ്ങൾക്ക് വരാൻ സാധ്യമല്ലാത്തതിനാലും സ്വയം സന്നദ്ധയായി സഹായിക്കുന്നതിന് വേണ്ടി കമ്മ്യൂണിറ്റി കിച്ചണിൽ വന്നതാണ്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഇത് വരെ ഒരു സാധനവും കളവ് പോയിട്ടില്ല. സന്നദ്ധ സംഘടനകളും മറ്റും നൽകിയ ഭക്ഷണ സാധനങ്ങളിൽ നിന്നും ആരും തന്നെ വ്യക്തിപരമായി ലാഭമുണ്ടാക്കിയിട്ടില്ല.

കേരളത്തിൽ തന്നെ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാസർകോട് നഗരസഭ കമ്മ്യൂണിറ്റി കിച്ചണെ സമൂഹ മാധ്യമത്തിലൂടെ താറടിച്ചതിലൂടെ നഗരസഭയിലെ നാലായിരത്തിഅറുനൂറോളം വരുന്ന കുടുംബശ്രീ കുടുംബങ്ങളെയാണ് വിഷമത്തിലാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചൺ ലീഡറായ ആയിഷ ഇബ്രാഹിമിന്‍റെ നേത്രത്വത്തിൽ മാതൃകപരമായ പ്രവർത്തനമാണ് നടന്നു വരുന്നത്. അവർ തന്നെ വണ്ടി ഡ്രൈവ് ചെയ്താണ് കിച്ചണിലേക്ക് മാർക്കറ്റിൽ നിന്നും സാധനങ്ങൾ എത്തിക്കുന്നതും അതിഥി തൊഴിലാളികളിൽ ചിലർക്ക് നോമ്പ് കാലത്ത് പോലും ക്ഷീണം വക വെക്കാതെ ഭക്ഷണം എത്തിച്ചു നൽകുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ കഷ്ടപ്പെട്ട് ജോലി ചെയ്തു വരികയാണ് കുടുബശ്രീ പ്രവർത്തകർ.
കമ്മ്യൂണിറ്റി കിച്ചണിന്‍റെ പ്രവർത്തനം എല്ലാ ദിവസവും സെക്രട്ടറിയുടെ നേത്രത്വത്തിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, ഹെൽത്ത് സൂപ്പർവൈസർ ഉൾപ്പെടെ വിലയിരുത്തുന്നു. ചെയർപേഴ്സൺ, വൈസ് ചെയർമാൻ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറിയുടെ നേത്രത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻമാർ ഭക്ഷണം കിറ്റാക്കുന്നതിനും എത്തിക്കുന്നതിനും സഹകരണവും പിന്തുണയും നൽകി വരുന്നു. മാതൃകപരമായി പ്രവർത്തിക്കുന്ന കാസർകോട് നഗരസഭാ കമ്മ്യൂണിറ്റി കിച്ചനെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിലും സഹായത്തിന് വന്ന കുടുംബശ്രീ അംഗമായ വനിത ജനപ്രതിനിധിയെ അവഹേളിച്ചതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺ സാഹിറ മുഹമ്മദും മെമ്പർ സെക്രട്ടറി അജീഷും പറഞ്ഞു.
