
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.ടി.ജലീലിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോൺഗ്രസിലെ സംഘി ഗ്രൂപ്പിന്‍റെ തലൈവരായ ചെന്നിത്തല മകന് ഐ.എ.എസ് കിട്ടാൻ വഴിവിട്ട കളികൾ നടത്തിയെന്നും മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ പി.ജി ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയെന്നും മന്ത്രി ആരോപിച്ചു.
ഐശ്വര്യ കേരള യാത്രയുടെ തവനൂർ മണ്ഡലത്തിലെ സ്വീകരണത്തിനിടെ ഫെയ്സ്ബുക്കിൽ പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ജലീൽ.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിന്‍റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിന്‍റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?
‘ബന്ധുനിയമനം, മാർക്ക് ദാനം, സർവ്വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വർണ്ണക്കടത്ത് ഇങ്ങനെ കറപുരണ്ട അഞ്ചു വർഷങ്ങളുടെ ട്രാക്ക് റെക്കോർഡാണ് തവനൂരിന്‍റെ ജനപ്രതിനിധി കെ.ടി.ജലീലിന്റേത്’ ഇതായിരുന്നു ജലീലിനെ വിമർശിച്ചുകൊണ്ട് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
