
തിരുവനന്തപുരം: കാട്ടാക്കട ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാനപ്രശ്നം ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് എം.ഡി ബിജുപ്രഭാകർ ഐ.എ.എസ്. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെണ്ട് സംരക്ഷിക്കില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസെഷൻ പുതുക്കാനായി എത്തിയ വിദ്യാർഥിനിക്കും പിതാവിനും കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്ന് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിൽ മാപ്പു പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

പെണ്‍കുട്ടിയ്ക്കും പിതാവിനും നേരിടേണ്ടിവന്ന ആക്രമണത്തിൽ സ്ഥാപനത്തിന്‍റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി ബിജു പ്രഭാകർ പോസ്റ്റിൽ കുറിച്ചു. അത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി ആൻറണി രാജുവിൻ്റെയും സർക്കാരിൻ്റെയും നിലപാട് ഇത് തന്നെയാണെന്നും ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
