
തിരുവനന്തപുരം: കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ സൗകര്യം കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തി. മന്ത്രി ആന്റണി രാജു നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് – മംഗലാപുരം സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി.യുടെ ഭരണസമിതി ഈ റൂട്ടിൽ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്നത്. 30 ശതമാനം നിരക്കിളവിലാണ് സീസൺ ടിക്കറ്റ് നൽകി യാത്രാസൗകര്യം ഒരുക്കുന്നത്.
വിദ്യാർത്ഥികൾക്ക് ഇത് പ്രകാരം പ്രത്യേക ആർ.എഫ്.ഐ.ഡി കാർഡ് നൽകും. ഒരു കലണ്ടർ മാസം 20 ദിവസം യാത്ര ചെയ്യാവുന്ന നിരക്കിൽ 30 ദിവസം യാത്ര അനുവദിക്കുന്ന തരത്തിൽ 30 ശതമാനം നിരക്കിളവ് ആണ് നൽകുക. ആദ്യം കാർഡ് വിലയായി 100 രൂപ നൽകണം. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ റീചാർജ് ചെയ്യുന്ന വിധത്തിലാണ് കാർഡ് നൽകുന്നത്.

ഓരോ യാത്രയുടെ തുകയും 30 ശതമാനം ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ ഇ.റ്റി.എം.ലും കാർഡിലും ക്രമീകരിക്കും. വിദ്യാർത്ഥി ആർ.എഫ്.ഐ.ഡി കാർഡ് കൈമാറ്റം ചെയ്യാതിരിക്കാനായി വിദ്യാർത്ഥിയുടെ ഐ.ഡി കാർഡ് നമ്പരും ഫോട്ടോയും ആർ.എഫ്.ഐ.ഡികാർഡിൽ രേഖപ്പെടുത്തിയാകും നൽകുക. വിദ്യാർത്ഥികൾ അവരുടെ ഐ.ഡി കാർഡ് കൂടി യാത്രാവേളയിൽ കൈവശം കരുതണം. ആർ.എഫ്.ഐ.ഡി കാർഡുകൾക്ക് യൂണിറ്റ് തലത്തിൽ അപേക്ഷ സ്വീകരിച്ച്, കാർഡുകൾ ആദ്യഘട്ടത്തിൽ ചീഫ് ഓഫീസും തുടർന്ന് യൂണിറ്റ് മുഖാന്തിരവുമാണ് നൽകുക.
