
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിന് ജില്ലയില്‍ തുടക്കമായി. ആദ്യദിനം ജില്ലയിൽ 1461 സർക്കാർ ജീവനക്കാർ വാക്സിൻ സ്വീകരിച്ചു.

കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്‌റ്റേഷനിലെ മെഡിക്കൽ ക്യാമ്പിൽ നിന്ന് 436 പേരും കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിൽ നിന്ന് 485 പേരും കാസര്‍കോട് താലൂക്ക് ഓഫീസിലെ ക്യാമ്പിൽ നിന്നും 369 പേരും കാസര്‍കോട് സി.പി.സി.ആര്‍.ഐ യിൽ നിന്ന് 171 പേരും വാക്സിൻ സ്വീകരിച്ചു.
കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്‌റ്റേഷന്‍, കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന്‍, കാസര്‍കോട് താലൂക്ക് ഓഫീസ്, കാസര്‍കോട് സി.പി.സി.ആര്‍.ഐ എന്നിവിടങ്ങളിലാണ് വാക്‌സില്‍ നല്‍കി തുടങ്ങിയത്. ഈ നാല് മാസ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ 15 പതിവ് വാക്സിനേഷന്‍ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കാസര്‍കോട് താലൂക്ക് ഓഫീസിൽ നടത്തിയ കോവിഡ് വാക്സിനേഷൻ പ്രവർത്തനം നാളെ മുതൽ മുൻസിപ്പൽ കോൺഫറൻസ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.
