
കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 പൊതു വിദ്യാലയങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തിയതായും ശനിയാഴ്ച മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും നിരോധനാജ്ഞ നിലവില്‍ വന്നു. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങള്‍. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി.കണ്ടെയ്ൻമെന്റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് അഞ്ചുപേരില്‍ കൂടുതലുള്ള പൊതുപരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. വിവാഹത്തിന് 50 പേര്‍ക്കും ശവസംസ്‌കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മതചടങ്ങുകള്‍ എന്നിവ പരമാവധി 20 പേരെ വരെ പങ്കെടുപ്പിക്കാം. ഇപ്പോള്‍ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ.
എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണം. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഓഫിസുകള്‍, കടകള്‍, റസ്റ്റോറന്റുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദ ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.
