20,000 കോടിയുടെ ‘കോവിഡ് പാക്കേജ്’: കുടുംബശ്രീ വായ്പകള്‍ക്ക് 2000 കോടി; തൊഴിലുറപ്പ് പദ്ധതിയിലേക്ക് 2000 കോടി; ക്ഷേമപെന്‍ഷനുകള്‍ നേരത്തെ; ഇത് കൊറോണ പ്രതിരോധത്തിന്‍റെ കേരളാ മാതൃക

  • Post category:news
  • Reading time:2 mins read
You are currently viewing 20,000 കോടിയുടെ ‘കോവിഡ് പാക്കേജ്’: കുടുംബശ്രീ വായ്പകള്‍ക്ക് 2000 കോടി; തൊഴിലുറപ്പ് പദ്ധതിയിലേക്ക് 2000 കോടി; ക്ഷേമപെന്‍ഷനുകള്‍ നേരത്തെ; ഇത് കൊറോണ പ്രതിരോധത്തിന്‍റെ കേരളാ മാതൃക

കേരളത്തിൽ കൊറോണ കാരണം വന്നിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ 25 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 32,000ത്തോളം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ഇന്ന് 64 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. ഇതോടൊപ്പം കൊറോണ വ്യാപനം സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

സാമ്പത്തികമേഖലയെ തിരിച്ചുപിടിക്കാന്‍ ചില തീരുമാനങ്ങള്‍ സര്‍ക്കാരെടുത്തതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നത്. വരുന്ന മാസങ്ങളില്‍ കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പ്രളയകാലത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചിരുന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിച്ച് സാമ്പത്തിക രംഗത്തെ സജീവമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കുടുംബങ്ങള്‍ക്കാണ് ഈ വായ്പ ലഭ്യമാകുക.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ആകെ രണ്ടായിരം കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി നടപ്പാകും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഏപ്രിലിലാണ് നല്‍കേണ്ടത്. ഇത്തവണ കൊറോണവ്യാപന പശ്ചാത്തലം കണക്കിലെടുത്ത് ഒരു മാസം നേരത്തെ നല്‍കും. മാര്‍ച്ച് അവസാനത്തില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കും. രണ്ട് മാസത്തെ പെന്‍ഷന്‍ തുക 1320 കോടി രൂപ വരും.

ബി.പി.എല്‍, അന്ത്യോദയ റേഷന്‍ കാര്‍ഡുകളുള്ള കുടുംബങ്ങള്‍ പലതും വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരായിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകളിലാത്ത കുറച്ചുപേരുണ്ടാകും. ഇവര്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രയാസങ്ങളിലാകുമെന്നത് മുന്നില്‍ക്കണ്ട് ആയിരം രൂപ വീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 100 കോടിരൂപ വിനിയോഗിക്കും. ഇതോടൊപ്പം സംസ്ഥാനത്താകെ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും.

ബി.പി.എല്‍, അന്ത്യോദയയ്ക്ക് പുറമെയുള്ളവര്‍ക്ക് പത്ത് കിലോ വീതമാണ് നല്‍കുക. ഇതിന് 100 കോടി രൂപ വേണ്ടി വരും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. 1000 ഭക്ഷണശാലകള്‍ ആരംഭിക്കും. ഇന്നത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് 20 രൂപയായിരിക്കും ഭക്ഷണത്തിന് വില. നേരത്തെ ഇത് 25 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതോടൊപ്പം ഒരു ആരോഗ്യ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 500 കോടി രൂപ വകയിരുത്തി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികകള്‍ പൂര്‍ണമായും ഏപ്രിലില്‍ കൊടുത്തു തീര്‍ക്കും. ഇതിനായി 14,000 കോടി രൂപ വേണ്ടി വരും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജനജീവിതത്തിലുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ വലിയ തോതില്‍ ഇതുവഴി പരിഹരിക്കാനാകുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവെച്ചു.

0Shares