
പത്ത് മാസം, 43 ആർ. ടി.-പി. സി. ആർ പരിശോധനകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 43 തവണയാണ് 72കാരനായ ഡേവ് സ്മിത്ത് കോവിഡ് പൊസിറ്റീവ് ആയത്. ബ്രിട്ടനിലെ മുൻ ഡ്രൈവിംഗ് പരിശീലകനായ ഡേവിന് ഏഴിലേറെ തവണയാണ് ആശുപത്രി ചികിത്സ തേടേണ്ടി വന്നത്.
ഡേവ് മരിക്കുമെന്ന് കരുതി ബന്ധുക്കൾ പലപ്പോഴും അദ്ദേഹത്തിന്‍റെ മരണശുശ്രൂഷകൾക്കുള്ള ഏർപ്പാടും ചെയ്തു.

എന്നാൽ ഇപ്പോഴും കോവിഡിന് ഡേവിനേ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും ഡേവിന്‍റെ ആരോഗ്യ സ്ഥിതി വഷളാകാറുണ്ടായിരുന്നു. ഡേവ് തങ്ങളെ വിട്ടുപോകുമെന്ന ഭയം ചില സമയങ്ങളിൽ വല്ലാതെ അലട്ടിയിരുന്നു എന്ന് ഡേവിനൊപ്പം ക്വാരന്റൈനിലിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യ ലിൻഡ പറയുന്നു. ലോകത്തിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കോവിഡ് ചികിത്സ ഒരുപക്ഷേ ഡേവിലായിരിക്കും നടത്തിയിട്ടുണ്ടാകുക എന്ന് ബ്രിട്ടനിലെ ആരോഗ്യപ്രവർത്തകർ പറയുന്നു.
ചിലർ കോവിഡിൽ നിന്ന് മുക്തരായാലും കുറച്ചു നാൾ ശരീരത്തിൽ കോവിഡ് വൈറസിന്‍റെ കണികകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ഡേവിന്‍റെ ശരീരത്തിൽ ആക്ടീവ് ആയ കൊവിഡ് വൈറസിനെ ആണ് കണ്ടെത്തിയിരുന്നതെന്നും ബ്രിസ്റ്റോൾ സർവകലാശാലയിലെ പകർച്ചവ്യാധി രോഗങ്ങളെ ചികിത്സിക്കുന്ന എഡ് മോറാൻ പറഞ്ഞു.
യു. എസിലെ ഗവേഷണ കേന്ദ്രമായ റീജെനെറോൺ വികസിപ്പിച്ച സിന്തറ്റിക്ക് ആന്റിബോഡികൾ വച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഒടുവിൽ ഡേവിന്‍റെ ശരീരത്തിൽ നിന്നും കൊവിഡ് വൈറസിനെ പൂർണമായി ഒഴിവാക്കാൻ സാധിച്ചത്.
