കോവിഡ് രോഗികളുടെ വിവരശേഖരണം: ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ; തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് രോഗികളുടെ വിവരശേഖരണം: ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ; തീരുമാനം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്

കോവിഡ് രോഗികളുടെ ഫോൺവിവരങ്ങൾ ശേഖരിക്കുന്നതിന് ടവർ ലൊക്കേഷൻ മാത്രം നോക്കിയാൽ മതിയാകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കോവിഡ് രോഗികളുടെ സി.ഡി.ആർ.(കോൾ ഡീറ്റെയിൽസ് റെക്കോഡ്) ശേഖരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ടവർ ലൊക്കേഷൻ മാത്രം മതിയെങ്കിൽ പ്രശ്നമില്ലെന്നും മറ്റ് രേഖകൾ വേണമെങ്കിൽ വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് രോഗികളുടെ സി.ഡി.ആർ പൂർണമായും ശേഖരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുകയായിരുന്നു. മുത്തുസ്വാമി കേസിലെയടക്കമുള്ള സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാണിച്ച് വിവരശേഖരണം ഭരണഘടന വിരുദ്ധമാണെന്നു പറഞ്ഞാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വിവരശേഖരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ നിലപാടിനെതിരേ രമേശ് ചെന്നിത്തല പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു.

കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തിൽ ഇത്തരത്തിൽ കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് അവരുടെ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണ്. ഇത്തരത്തിൽ ഫോൺരേഖകൾ ശേഖരിക്കുന്നതിനുള്ള യാതൊരു അവകാശവും പോലീസിനില്ല. പ്രതികളല്ല, രോഗികൾ മാത്രമാണ് അവരെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

0Shares