കേരളത്തിൽ ഇന്ന് 2475 പേർക്ക് കോവിഡ്; കാസർകോട് 121; 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

  • Post category:local news / news
  • Reading time:2 mins read
You are currently viewing കേരളത്തിൽ ഇന്ന് 2475 പേർക്ക് കോവിഡ്; കാസർകോട് 121; 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

കേരളത്തിൽ ബുധനാഴ്ച 2475 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂർ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂർ 123, കാസർഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 100 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,20,60,313 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4342 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2235 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 331, മലപ്പുറം 272, എറണാകുളം 234, പത്തനംതിട്ട 218, കൊല്ലം 194, തൃശൂർ 182, കോട്ടയം 172, തിരുവനന്തപുരം 112, ആലപ്പുഴ 166, കണ്ണൂർ 85, കാസർഗോഡ് 106, ഇടുക്കി 82, വയനാട് 62, പാലക്കാട് 19 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

12 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 6, എറണാകുളം, കണ്ണൂർ 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4192 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 250, കൊല്ലം 250, പത്തനംതിട്ട 362, ആലപ്പുഴ 139, കോട്ടയം 281, ഇടുക്കി 90, എറണാകുളം 1000, തൃശൂർ 264, പാലക്കാട് 130, മലപ്പുറം 211, കോഴിക്കോട് 519, വയനാട് 248, കണ്ണൂർ 348, കാസർഗോഡ് 100 എന്നിങ്ങനേയാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ 35,418 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,43,473 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,766 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,57,648 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5118 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.

0Shares