
കേരളത്തിൽ ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗമുക്തി നേടിയത് 162 പേരാണ്. രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 64 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് 144 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 18 പേരുമുണ്ട്.
ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂര്‍9, കാസർകോട് 9, ഇടുക്കി 4 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജൻ, കണ്ണൂർ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ 12230 സാമ്പിളുകൾ പരിശോധിച്ചു. 1, 80, 594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 713 പേരെയാണ് ആശുപത്രിയിലാക്കിയത്. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിലാക്കിയത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകൾ അയച്ചു.
ഇതിൽ 5407 സാമ്പിളുകളുടെ ഫലം വരാനുണ്ട്. കൂടാതെ, സെന്‍റിനൽ സർവൈലൻസ് വഴി 78,002 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 74,676 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി.
തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ട് പുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലും ട്രിപ്പിൾ ലോക്ക്ഡൗൺ വരും. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനുണ്ടാകും. രണ്ട് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിൽ സമ്പർക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.
