
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി മുന്‍ വൈദികനായ റോബിന്‍ വടക്കുംചേരി. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഇയാള്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതി പോലീസിന്‍റെ റിപ്പോര്‍ട്ട് തേടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

2016ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റോബിനെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. റോബിന്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരിക്കെയാണ് സംഭവമുണ്ടായത്.
പള്ളിമേടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇയാളെ പിന്നീട് സഭ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമങ്ങള്‍ ഇതിനിടെ നടന്നിരുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയായതിന്‍റെ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് വഴിതിരിച്ചു വിടാനാണ് ശ്രമം നടന്നത്. എന്നാല്‍ പെണ്‍കുട്ടി ജന്മം നല്‍കിയ കുട്ടിയുടെ ഡി.എന്‍.എ പരിശോധനയില്‍ പിതാവ് റോബിന്‍ ആണെന്ന് വ്യക്തമായിരുന്നു.
