
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലുമെത്തി. തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ ഇദ്ദേഹം എത്തിയതായാണ് സൂചന. അടുത്ത് സമ്പർക്കം പുലർത്തിയ 20 പേർ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.
കാസര്‍കോട് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് കഴിഞ്ഞ ദിവസം അഞ്ചുപേര്‍ക്ക് കോവിഡ് പടര്‍ന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിനാണ് കേസ്. ഇയാൾ അധികൃതരോട് സഹകരിക്കുന്നില്ലെന്ന് കാസർകോട് കലക്ടർ അറിയിക്കുകയും ചെയ്തിരുന്നു.

കാസര്‍കോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. രോഗബാധ സ്ഥിരീകരിച്ചയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അദ്ദഹം പറഞ്ഞു. പല പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തുവെന്നും അതിനാല്‍ തന്നെ രോഗവ്യാപനത്തിന്റെ സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. നിലവില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
