
കോഴിക്കോട്: കൂടത്തായിയില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ അടുത്തബന്ധുക്കളായ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ ‘സ്ലോ പോയിസണിംഗ്’ എന്ന് അന്വേഷണ സംഘം.പതിയെപ്പതിയെ മരിക്കുന്ന തരത്തില്‍ ചെറിയ അളവില്‍ ഭക്ഷണത്തിലൂടെയും മറ്റും ദേഹത്തില്‍ വിഷാംശം എത്തിച്ചതുകൊണ്ടാണ് ആറ് പേരും പല വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചതെന്ന് റൂറല്‍ എസ്.പി കെ. ജി സൈമണ്‍ പറഞ്ഞു.
മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്‍റെ മകന്‍ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു.
”സ്ലോ പോയിസണിംഗാണ് നടന്നിരിക്കുന്നത്. സയനൈഡാണ് നല്‍കിയത്.ഇതിന്‍റെ പിറകില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്‍റെ അളവ്, എങ്ങനെ മിക്‌സ് ചെയ്തു എന്നിവയൊക്കെ വിശദമായി പരിശോധിച്ചിട്ടുണ്ട്. കഴിച്ചാല്‍ ഉടനെ മരിച്ചുപോകുന്ന തരത്തിലുള്ള വിഷമാണിത്. അനുബന്ധ തെളിവുകളും മൊഴികളും ഫൊറന്‍സിക് പരിശോധനാ ഫലവും ലഭിച്ചാല്‍ കേസ് ശക്തമാകും”, എന്ന് റൂറല്‍ എസ്.പി കെ. ജി സൈമണ്‍ പറഞ്ഞു.

മരിച്ച കുട്ടിയടക്കം ആറ് പേരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകിട്ട് കല്ലറ തുറന്ന് പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ആറ് മരണങ്ങളിലും തനിക്ക്പങ്കുണ്ടെന്ന് ജോളി പോലീസിനോട് തുറന്ന് സമ്മതിച്ചത്.ഒരു യുവാവാണ് ജോളിയ്ക്ക് സയനൈഡ് എത്തിച്ചത്.വ്യാജ വില്‍പത്രമുണ്ടാക്കിയ ആളെക്കുറിച്ചും വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇവരെയെല്ലാം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇവരെ കേസില്‍ പ്രതികളാക്കണോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനം പോലീസ് എടുത്തിട്ടില്ല. ഒരു പക്ഷേ ഇവരെ മാപ്പ് സാക്ഷികളാക്കി കേസില്‍ ജോളിയെ പ്രതിയാക്കാനാണ് പോലീസ് ആലോചിക്കുന്നത്. എന്നാല്‍ ഇതിലും അവസാനതീരുമാനം എല്ലാ പരിശോധനാ ഫലങ്ങളും കിട്ടിയ ശേഷം മാത്രമേ ഉണ്ടാകൂ. കേസില്‍ മറ്റ് ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതില്‍ പോലീസ് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇപ്പോള്‍ കുറ്റാരോപിതയായ ജോളി പിന്നീട് വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭര്‍ത്താവിനെയാണ്. ഗൃഹനാഥനായിരുന്ന ടോം തോമസിന്‍റെ സഹോദരന്‍റെ മകനാണിയാള്‍. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു.കുറ്റസമ്മതമൊഴി നല്‍കിയ ജോളിയുടെ വീടും പരിസരവും നിരീക്ഷണത്തിലാണ്.
