
കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇടത് മുന്നണി കൺവീനര്‍ എ. വിജയരാഘവനാണ് പകരം ചുമതല. അതേസമയം പുതിയ സെക്രട്ടറിയായി എ. വിജയരാഘവൻ സ്ഥാനമേൽക്കുന്നതിനെ പരിഹസിച്ച് വി.ടി ബൽറാം എം.എല്‍.എ രംഗത്തെത്തി. “ഇന്നത്തെ സി.പി.എമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ. വിജയരാഘവന് അനുമോദനങ്ങൾ,” എന്ന് വി.ടി ബൽറാം എം.എൽ.എ തന്‍റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിനോടൊപ്പം എ വിജയരാഘവന്‍റെ ചിത്രവും ചേർത്തിട്ടുണ്ട്.
സമാനമായി കോടിയേരി ബാലകൃഷ്ണന്‍ പിന്മാറിയത് മുഖ്യമന്ത്രി പിണറായി വിജയനുള്ള സന്ദേശമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. ആരോഗ്യപ്രശ്‌നമുള്ളത് കൊണ്ടാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതെന്ന വാദം വിശ്വസയോഗ്യമല്ലെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.
