
കാസർകോട്: വിട്ടുമാറാത്ത കോവിഡ് പ്രതിസന്ധിയും അനുദിനം വര്‍ധിക്കുന്ന ഇന്ധനവിലവര്‍ധനയും പാചകവാതകവിലയും അടുക്കള ബജറ്റ് താളംതെറ്റിച്ചിരിക്കുന്നു. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാനുള്ള പാചക വാതകത്തിന് ആയിരത്തിനടുത്ത് രൂപയാണിപ്പോള്‍. അരിവിലയിലും വര്‍ധനയുണ്ട്. മൂന്നുമാസത്തിനിടെ കിലോഗ്രാമിന് രണ്ടുമുതല്‍ എട്ടുരൂപ വരെയാണ് അരിക്ക് കൂടിയത്. മാസങ്ങളായി ചിക്കന്‍വില ഉയര്‍ന്നുതന്നെയാണ്. വേനല്‍ക്കാലം തുടങ്ങിയതും ഉത്പാദനം കുറഞ്ഞതും വിലവര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിനിടയില്‍ കോഴിത്തീറ്റയ്ക്ക് വില കൂടിയതും മേഖലയെ പ്രതിസന്ധിയിലാക്കി.

“ഉപ്പുമുതല് കര്‍പ്പൂരം വരെ എന്ന് പറയാറില്ലേ, എല്ലാത്ത്നും വെലകൂടി. അട്ക്കള പണി മുടക്കേണ്ടിവരുമോയെന്നാ പേടി…” -കാസർകോട് പഴയ ബസ്സ്റ്റാൻഡിലെ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയ -നാലാംമൈലിലെ ഫാത്തിമത്ത് സുഹ്‌റ പറയുന്നു.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 8.35 ശതമാനമാണ്. പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ മാസം കുതിച്ചുയര്‍ന്നു. ഇന്ധനവിലവര്‍ധന വരുന്നതിനുമുന്നേതന്നെ മിക്ക പലചരക്കു സാധനങ്ങള്‍ക്കും വിലയേറിയെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്പാദനം കുറഞ്ഞതാണ് കാരണം. ഡീസല്‍വില 110 കടന്നതോടെ ലോറിവാടക വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് ചെറുകിടമേഖലയെ ബാധിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.

“കൊറോണായേല് പഠനം മൊടങ്ങിയപ്പോൾ കുട്ടിയോൾക്ക് ഓൺലൈൻ ക്ലാസ്സ് ആയിര്ന്നു… വീട്ടില് എല്ലാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ കയ്യാത്ത അവസ്ഥയാണ്. റീചാർജിനും ഏറെ കൂടിയിന്ന്… ഓരോ ദിനോം കഷ്ടപ്പാടേന്നെ ആണ്പ്പാ…” -മധൂരിലെ മഞ്ജുനാഥ ഷെട്ടി പറഞ്ഞു.
മിനറല്‍ ഓയില്‍, ബേസിക് മെറ്റല്‍, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തില്‍ തുടരുന്നത് തുടര്‍ച്ചയായ പതിമൂന്നാം മാസമാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ പത്തു ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പ നിരക്ക്.

രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് റെക്കോര്‍ഡില്‍. 15.08 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. തൊട്ടു മുന്‍മാസം ഇത് 14.55 ശതമാനം ആയിരുന്നു. ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിലയിലുണ്ടായ വര്‍ധനയാണ് ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിന് കാരണം കേന്ദ്ര വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മഴക്കാലം ആരംഭിക്കുന്നതോടെ ദുരിതങ്ങളും കൂടും. ഇക്കൊല്ലം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനാൽ പ്രളയ സമാനമായ കാലമായിരിക്കും കേരളത്തിൽ വരുംമാസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. അതിനിടയിൽ ഇന്ധനങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും ഉണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരെ മാത്രമല്ല ഇടത്തരം കുടുംബങ്ങളെയും ഏറെ ബാധിക്കും.
