
ബംഗളൂരുവില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് മറുപടിയായി ഡല്‍ഹിയില്‍ 39 പാര്‍ട്ടികളുടെ യോഗം സംഘടിപ്പിച്ച എൻ.ഡി.എ സഖ്യത്തെ പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘പല പാര്‍ട്ടികളെയും കുറിച്ച് ഞങ്ങള്‍ ഇതുവരെ കേട്ടിട്ടുപോലുമില്ല’ എന്നായിരുന്നു ഖാര്‍ഗെ എൻ.ഡി.എ യോഗത്തിലെ പങ്കാളിത്തത്തെ പരിഹസിച്ചത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സഖ്യത്തെ തോല്‍പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികള്‍ ബംഗളൂരുവില്‍ രണ്ടുദിവസത്തെ യോഗം ചേരുകയും കൂട്ടായ്‌മക്ക് ഇന്ത്യൻ നാഷനല്‍ ഡെവലപ്മെൻ്റെല്‍ ഇൻക്ലൂസിവ് അലയൻസ് (ഇന്ത്യ) എന്ന പേര് നല്‍കുകയും ചെയ്‌തിരുന്നു. യോഗത്തിന് ശേഷമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

ഇതിന് മറുപടിയുമായി എൻ.ഡി.എ യോഗത്തില്‍ പ്രധാനമന്ത്രി തന്നെ രംഗത്തു വരുകയായിരുന്നു. ‘എൻ.ഡി.എയില്‍ ചെറിയ പാര്‍ട്ടിയെന്നോ വലിയ പാര്‍ട്ടിയെന്നോ ഇല്ല. എൻ.ഡി.എ നിര്‍ബന്ധത്തിൻ്റെ സഖ്യമല്ല, സംഭാവനയുടെ സഖ്യമാണ്. 2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ രൂപവത്കരിച്ചത് എൻ.ഡി.എ എന്ന നിലയിലായിരുന്നു’, 39 പാര്‍ട്ടികളുടെ യോഗത്തില്‍ മോദി പറഞ്ഞു. എൻ.ഡി.എ തുടര്‍ച്ചയായ മൂന്നാം തവണയും 50 ശതമാനത്തിലധികം വോട്ട് നേടി അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു ചടങ്ങിലും പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തിനെതിരെ രംഗത്തു വന്നിരുന്നു. പ്രതിപക്ഷത്തിൻ്റെ മുദ്രാവാക്യം കുടുംബം ആദ്യം രാജ്യം ഒന്നുമല്ല എന്നതാണെന്നും വ്യക്തിപരമായ നേട്ടങ്ങളില്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യമെന്നും അദ്ദേഹം ആരോപിച്ചു. കടുത്ത അഴിമതിക്കാരാണ് യോഗം ചേരുന്നതെന്നും അഴിമതി പ്രതിരോധിക്കാനാണ് പ്രതിപക്ഷം ഒന്നിച്ചതെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്‌തു.
ബംഗളൂരുവില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണ് പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചത്. മുമ്പ് ഞങ്ങള്‍ യു.പി.എ (ദേശീയ പുരോഗമന സഖ്യം) എന്ന പേരില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ 26 പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ പുതിയ സഖ്യമുണ്ടാക്കിയെന്നും ‘ഇന്ത്യ’ എന്ന പുതിയ പേരാണ് ഇതിന് നല്‍കിയിരിക്കുന്നതെന്നും യോഗശേഷം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ സഖ്യത്തിൻ്റെ അടുത്ത യോഗം മുംബൈയില്‍ ചേരും. 11 അംഗ കോഓഡിനേഷൻ കമ്മിറ്റിയെ മുംബൈ യോഗത്തില്‍ തെരഞ്ഞെടുക്കും. പുതിയ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കാൻ ന്യൂഡല്‍ഹിയില്‍ പ്രത്യേക കേന്ദ്രം രൂപവത്കരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
ഏഴ് മുഖ്യമന്ത്രിമാരടക്കം 26 പാര്‍ട്ടികളുടെ നേതാക്കളാണ് രണ്ടുദിന യോഗത്തില്‍ പങ്കെടുത്തത്. ബംഗാള്‍, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, എം.കെ സ്റ്റാലിൻ, അരവിന്ദ് കെജ്രിവാള്‍, ഭഗവന്ദ് മൻ, നിതീഷ് കുമാര്‍, ഹേമന്ദ് സോറൻ, സിദ്ധരാമയ്യ എന്നിവര്‍ പങ്കെടുത്തു. വിവിധ പാര്‍ട്ടികളുടെ 50ലധികം നേതാക്കളും പങ്കെടുത്തു.
സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി -കോണ്‍ഗ്രസ്, ശരത് പവാര്‍ -എൻ.സി.പി, ശിവസേനയുടെ ഉദ്ദവ് താക്കറെ, സി.പി.എമ്മിൻ്റെ സീതാറാം യെച്ചൂരി, നാഷനല്‍ കോണ്‍ഫറൻസിൻ്റെ ഉമര്‍ അബ്ദുള്ള തുടങ്ങിയവർ അടക്കമാണിവര്‍. ജൂണ്‍ 23ന് പട്‌നയിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യയോഗം ചേര്‍ന്നത്. രണ്ടാമത് പരിപാടിയാണ് ബംഗളൂരുവില്‍ ചൊവ്വാഴ്‌ച സമാപിച്ചത്.
