
ന്യൂഡല്‍ഹി: ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം വഷളാകുന്നതിനിടെ, കാനഡയില്‍ മറ്റൊരു ഖലിസ്ഥാൻ വാദി നേതാവ് സുഖ്‌ദൂല്‍ സിങ് എന്ന സുഖ ദുൻകെ കൊല്ലപ്പെട്ടു.
ദേവിന്ദര്‍ ബാംബിഹ സംഘത്തില്‍പ്പെട്ടയാളാണ്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. വിന്നിപെഗില്‍ ബുധനാഴ്‌ച രാത്രിയിലാണ് കൊലപാതകമെന്നാണ് സൂചന.
ഹര്‍ദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌ത നിജ്ജാറിൻ്റെ കൊലപാതകമാണ് ഇന്ത്യ- കാനഡ ബന്ധം ഇത്രയും വഷളാക്കിയത്.

കാനഡയിലെ സുഖ്‌ദൂല്‍ സിങ്ങിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയ്. ഫേസ്ബുക്കിലൂടെയാണ് ലോറൻസിൻ്റെ സംഘം ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഗുര്‍ലാല്‍ ബറാര്‍, വിക്കി മിഡഖേര എന്നിവരുടെ കൊലപാതകത്തിന് പിന്നില്‍ സുഖ്‌ദൂല്‍ സിങ്ങാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. വിദേശത്തായിരുന്നപ്പോഴും ഇയാള്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. മയക്കുമരുന്നിന് അടിമയായ സുഖ്‌ദൂല്‍ നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും പാപങ്ങള്‍ക്കാണ് അയാള്‍ക്ക് ശിക്ഷ നല്‍കിയതെന്നും ലോറൻസ് ബിഷ്‍ണോയിയുടെ അനുയായികള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

2017ലാണ് വ്യാജരേഖകളുമായി സുഖ ദുൻകെ ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തിയത്. ഇയാള്‍ക്കെതിരെ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ജൂണ്‍ 18നാണ് ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്‌സിൻ്റെ (കെ.ടി.എഫ്) കാനഡയിലെ തലവനായ നിജ്ജാര്‍ കൊല്ലപ്പെട്ടത്. കാനഡ -യു.എസ് അതിര്‍ത്തിയിലെ സറെയില്‍ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ തലയ്ക്കു വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഖലിസ്ഥാൻ വിഷയത്തില്‍ കാനഡയുമായുള്ള നയതന്ത്രബന്ധം മോശമായതിന് പിന്നാലെ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.
