
കാസര്‍കോട്: കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിൽ ഉണ്ടായ ‘ചികിൽസാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്‍റെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ. ജി. എം. ഒ. എ ആവശ്യപ്പെട്ടു.
പുതുതായി തുടങ്ങാൻ പോകുന്ന കാസര്‍കോട് മെഡിക്കൽ കോളേജിൽ ഇത്തരം സൂപ്പർ സ്പെഷ്യലിറ്റി ചികിൽസ സൗകര്യങ്ങൾ ഒരുക്കണമെന്നും ഇവിടെയുള്ള ജനങ്ങൾ വിദഗ്ധ ചികിൽസക്ക് ഇപ്പോൾ ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ് എന്നും സംഘടന പറയുന്നു.

ജില്ലയിലെ കൊവിഡ് 19 വ്യാപനത്തിന്‍റെ പേരിൽ മംഗലാപുരത്തേക്കുള്ള റോഡുകൾ അടച്ചിടുകയും അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ ആംബുലൻസുകളെ തടയുകയും മടക്കി അയക്കുകയും ചെയ്തു – ഈ രീതിയിൽ മടക്കി അയച്ച രണ്ട് രോഗികൾ ചികിൽസ കിട്ടാതെ മരിച്ചുവെന്നാണ് പത്രവാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. ഇത് വളരെ വേദനാജകമാണ് എന്ന് കെ. ജി. എം. ഒ. എ അറിയിച്ചു.
ഇപ്പോഴെങ്കിലും ജില്ലയിലെ ചികിൽസ രംഗത്തെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഇത് മെച്ചപ്പെടുത്താനുള അടിയന്തര ശ്രമം തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി ജന പ്രതിനിധികളും രാഷ്ടീയ നേതാക്കളും പൊതു സമൂഹവും മാധ്യമങ്ങളും. മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പോലെ കൂടുതൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് കൊവിഡുമായി മല്ലിടുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ വെന്റിലേറ്റർ സൗകര്യങ്ങള്‍ ജില്ലാ, ജനറൽ ആശുപത്രികളിൽ സ്ഥാപിക്കണം. ഈ കാര്യങ്ങളില്‍ ബന്ധപ്പെട്ട എല്ലാവരുടെയും അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് സംഘടന അഭ്യർത്ഥിച്ചു.
