
സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ കൊവിഡ് ഭീതിയിൽ കേരളത്തിന് ആശ്വാസം. തുടർച്ചയായി അഞ്ചാം ദിവസവും പുതിയ കൊവിഡ് കേസുകൾ ഇല്ലാത്തതിന്‍റെ ആശ്വാസത്തിലാണ് തൃശ്ശൂർ. ജില്ലയിൽ ഒൻപത് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. പരിശോധനാഫലം നെഗറ്റീവ് ആയ രണ്ട് പേരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം മെഡിക്കൽ ബോർഡിന്‍റെ പരിഗണനയിലാണ്. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോൾ സ്ഥിതിയേറെ മെച്ചപ്പെട്ടു.

സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരിൽ കൂടുതൽ പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. രോഗം സ്ഥിരീകരിച്ച അൻപത്തിയാറിൽ 28 പേരും ആശുപത്രി വിട്ടു. മികച്ച ചികിത്സയും പരിചരണവും കിട്ടിയതുകൊണ്ടാണ് രോഗം വേഗത്തിൽ ഭേദമായതെന്ന് ആശുപത്രി വിട്ടവർ പറഞ്ഞു. അഞ്ചരക്കണ്ടിയിൽ പതിനൊന്ന് ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയിൽ നിന്നും 9 പേരാണ് രോഗം ഭേദമായി വീടുകളിലെത്തിയത്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് 9 പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 8 പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരും രോഗം ഭേദമായി വീടുകളിലെത്തി. തൃശ്ശൂരിൽ 15033 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ ആശുപത്രിയിലുള്ളത് 37 പേർ. 340 പേരോട് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയ 28 പേരെ കൊറന്റയിനിൽ നിന്ന് ഒഴിവാക്കി.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലമാണ് തുടർച്ചയായ രണ്ടാം വട്ടവും നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും.
19 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 844 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഇനി 28 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിക്കാത്തതിന്‍റെ ആശ്വാസത്തിലാണ് എറണാകുളം നിവാസികൾ. കഴിഞ്ഞ ദിവസം ലഭിച്ച 41 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ 18 പേരാണ് കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ അഞ്ച് പേർ വിദേശികളാണ്.
