
കാസർകോട് : കുറഞ്ഞ നിരക്കിൽ എല്ലാവർക്കും ഇന്റർനെറ്റ് കണക്ഷൻ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കേരള വിഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ പുതിയ ഇൻറർനെറ്റ് കണക്ഷൻ ചാർജായി 899 രൂപ മാത്രമാണ് നൽകേണ്ടത്. 60 Mbps 1500 Gb പ്രതിമാസ FUP പ്ലാനിനൊപ്പം അൺലിമിറ്റഡ് വോയ്സ് കോളും സൗജന്യമായി ലഭിക്കും.
വിദ്യാർത്ഥികൾ ഉള്ള വീടുകളിലാണ് കണക്ഷൻ എങ്കിൽ 240 രൂപയുടെ ഡിജിറ്റൽ കേബിൾ ടി.വി സേവനം ആറ് മാസത്തേക്ക് 90 രൂപയുടെ കുറവ് വരുത്തി 150 രൂപയ്ക്ക് നൽകും.ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കുമാണ് പുതിയ പ്ലാൻ ഏറെ സഹായകരമാകുക. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എന്ന ജില്ല പഞ്ചായത്തിൻ്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് കേരള വിഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജില്ലയെ സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു ഇൻറർനെറ്റ് കണക്ഷന് നിലവിൽ 3000 രൂപ മുതൽ 5000 രൂപ വരെ ചെലവ് വരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഇരുനൂറിലധികം ഓപ്പറേറ്റർമാരും ജില്ലാ കമ്പനിയായ സി.സി.എന്നും 50 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. ഒരു മാസത്തിനുള്ളിൽ കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

‘സമ്പൂർണ ഡിജിറ്റൽ ജില്ല’ എന്ന ജില്ല പഞ്ചായത്തിൻ്റെ ആശയം മുൻനിർത്തി ഇൻറർനെറ്റ് സിഗ്നൽ ലഭിക്കാൻ ഏറെ പ്രയാസപെടുന്ന കോളനികളിൽ സിഗ്നൽ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരികയാണ് കേരള വിഷൻ.
ഉയർന്ന ഇൻറർനെറ്റ് കണക്ഷൻ ചാർജും പ്രതിമാസ നിരക്കും വിദ്യാർത്ഥികളെ ഏറെ വലയ്ക്കുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേർസൺ അഡ്വ. സരിത എസ്.എൻ., സി.സി.എൻ.ചെയർമാൻ കെ. പ്രദീപ്കുമാർ, വൈസ് ചെയർമാൻ ഷുക്കൂർ കോളിക്കര, കെ.സി.സി.എൽ. ഡയറക്ടർ എം.ലോഹിതാക്ഷൻ, സി.ഒ.എ.ജില്ല പ്രസിഡണ്ട് എം. മനോജ്കുമാർ, സെക്രട്ടറി എം.ആർ. അജയൻ, സിഒഎ സംസ്ഥാന കമ്മറ്റിയംഗം സതീഷ് കെ.പാക്കം, സി.സി.എൻ. ഡയറക്ടർമാരായ അബ്ദുല്ല കുഞ്ഞി, വി.വി. മനോജ് കുമാർ, മേഖല സെക്രട്ടറി സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.
