
തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. ഇസ്രായേലിനെതിരെ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വി.സിക്ക് പരാതി ലഭിച്ചിരുന്നു.
ഈ പേരിന് കലയുമായോ സംസ്‌കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വി.സിയുടെ നടപടി.
ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസലർ ഉത്തരവിൽ വ്യക്തമാക്കി. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും രജിസ്ട്രാർ മുഖേന ഇറക്കിയ ഉത്തരവിൽ വെസ് ചാൻസലർ വ്യക്തമാക്കി. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്നും വി.സി പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് വി.സി റജിസ്ട്രാറോട് വിശദീകരണം തേടി. റജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെണ്ട് ഡയറക്ടറോടും കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോൽസവത്തിൻ്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ‘ഇൻതിഫാദ’ എന്ന വാക്ക് ഒഴിവാക്കാൻ വി.സി നിർദേശിച്ചത്.
അതേസമയം, ഇൻതിഫാദ എന്ന പേര് പിൻവലിക്കില്ലെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതി വിധി വരെ പേരു മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും യൂണിയൻ വ്യക്തമാക്കി.
