
ആവിഷ്ക്കാരത്തിൻ്റെ അപ്പോസ്തലൻമാരായ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇപ്പോൾ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ഇരട്ടപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീകരവാദത്തെ തുറന്നു കാട്ടുന്നതൊന്നും കേരളത്തിൽ വേണ്ടെന്ന നിലപാടാണ് സി.പി.എമ്മിൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണമെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എമ്മിൻ്റെ സെലക്ടീവ് മതേതരത്വവും ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം. മതമൗലികവാദത്തേക്കാൾ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണം.

കേരളത്തിൽ മതഭീകരവാദം ശക്തമാണെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചരണമാവുകയെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഈശോ സിനിമക്കെതിരെ വിശ്വാസികൾ പ്രതികരിച്ചപ്പോഴും കക്കുകളി എന്ന നാടകത്തിൽ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴും നിങ്ങൾക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു.
മീശ നോവലിൻ്റെ കാര്യത്തിലും എം.എഫ് ഹുസൈൻ്റെ ചിത്രങ്ങളുടെ പ്രദർശനത്തിൻ്റെ കാര്യത്തിലും നിങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം വാദിച്ചെന്നും അദ്ദേഹം ആരോപിച്ചു.
