കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ; ഫലപ്രഖ്യാപനം മേയ് രണ്ടിന്; മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ; ഫലപ്രഖ്യാപനം മേയ് രണ്ടിന്; മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നു

കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ 6നാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ദില്ലിയിലെ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറമെ, അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. മേയ് 2നായിരിക്കും വോട്ടെണ്ണൽ. 47 മണ്ഡലങ്ങളിലേക്കാണ് ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രിൽ 1നും മൂന്നാംഘട്ടം ഏപ്രിൽ 6നും നടക്കും.

ദീപക് മിശ്ര ഐ.പി.എസിനെ കേരളത്തിലെ നിരീക്ഷകനായി ചുമതലപ്പെടുത്തി. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടുദിവസത്തിനകം തീരുമാനിക്കും. ബീഹാർ തെരഞ്ഞെടുപ്പ് അഭിമാന നേട്ടമെന്നും കൊവിഡിനിടയിലും വിജയകരമായി പൂർത്തിയാക്കിയെന്നും സുനിൽ അറോറ പറഞ്ഞു. അഞ്ചിടത്തായി 2.7 ലക്ഷം പോളിങ് സ്റ്റേഷനുകളും 18.86 കോടി വോട്ടർമാരുമാണുളളത്. കേരളത്തിൽ 40,771 പോളിങ് ബൂത്തുകളുണ്ട്. കൊവിഡിന്‍റെ സാഹചര്യത്തിൽ കൂടുതൽ പോളിങ് ബൂത്തുകൾ അനുവദിച്ചു.

വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കുകയുളളൂ. 80 വയസ്സിന് മുകളിലുളളവർക്ക് തപാൽ വോട്ട് അനുവദിച്ചു. വീട് കയറിയുളള പ്രചരണത്തിന് അഞ്ച് പേർ മാത്രം. നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി നൽകി. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപ.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സർക്കാരിന് പുതിയ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമൊന്നും ഇനി നടത്താനാവില്ല. മന്ത്രിസഭ ചേർന്ന് നിർണായക തീരുമാനങ്ങളടെുക്കാനോ ഫയലുകളിൽ ഒപ്പിടാനോ മന്ത്രിമാർക്കും അനുവാദമുണ്ടാക്കില്ല.

0Shares