
ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതി നൽകുന്നതിനുളള കേരളാ പോലീസിന്‍റെ കോൾസെന്റർ നിലവിൽ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കോൾസെന്റർ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്ശ്രീജിത്ത്, വിജയ് എസ്. സാഖറെ എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം. ഓൺലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് കാലതാമസമില്ലാതെ പരാതി നൽകാൻ ഇതിലൂടെ കഴിയും.
കേന്ദ്രസർക്കാരിന്‍റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആന്റ് മാനേജ്മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോൾസെന്റർ സംവിധാനം പ്രവർത്തിക്കുക.
