
മീഡിയവണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാര്‍ത്ത വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടു. കെ. സുധാകരന്‍, എ. എം ആരിഫ്, ഇ. ടി മുഹമ്മദ് ബഷീര്‍, എന്‍. കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, അബ്ദുസ്സമദ് സമദാനി, ടി.എന്‍ പ്രതാപന്‍, അടൂര്‍ പ്രകാശ്, ഡീന്‍ കുര്യാക്കോസ് , രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ അടങ്ങുന്ന എം.പിമാരുടെ സംഘമാണ് കേന്ദ്ര മന്ത്രിയെ കണ്ടത്.

ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എം.പിമാര്‍ നിവേദനം നല്‍കി. മീഡിയവണ്‍ വിലക്കിയത് കേന്ദ്രത്തിൻ്റെ ഏകപക്ഷീയ നടപടിയാണെന്ന് എം.പിമാര്‍ കുറ്റപ്പെടുത്തി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
ഇതോടൊപ്പം തന്നെ മീഡിയാവണ്ണിനെതിരായ നടപടിക്കെതിരേ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഡല്‍ഹി വിജയ് ചൗക്കില്‍ വെച്ച് മാധ്യമങ്ങളെ കണ്ടു. കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, രമ്യാ ഹരിദാസ്, എം. കെ രാഘവന്‍, അബ്ദു സമദ് സമദാനി, ആന്റോ ആന്റണി, എന്‍ .കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം, കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, ഇ. ടി മുഹമ്മദ് ബഷീര്‍, വി. കെ ശ്രീകണ്ഠന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബെഹ്നാന്‍, ഹൈബി ഈഡന്‍, എ. എം ആരിഫ്, ഡീന്‍ കുര്യാക്കോസ്, ടി. ജി ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു. മീഡിയവണിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്.
