
വിദ്യാര്‍ത്ഥി- യുവജന സംഘടനകളില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണ് കേരളത്തിലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍. ചെറിയൊരു വിഭാഗമല്ല, മറിച്ച് ഭൂരിഭാഗവും മദ്യപിക്കുന്നവരാണെന്നാണ് മന്ത്രി പറഞ്ഞത്. അത്തരക്കാര്‍ക്ക് എങ്ങനെയാണ് മദ്യവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവജനസംഘടനകളിലും വിദ്യാര്‍ഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. ആരേയും അടച്ചാക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയല്ല താനിത് പറയുന്നതെന്നും, ബോധവത്കരണം നടത്തേണ്ടവര്‍ ആദ്യം സ്വയം ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരളം മയക്കുമരുന്നിൻ്റെ ഹബ്ബായി മാറുകയാണെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.
