
ഓൺലൈൻ റമ്മികളി നിരോധിച്ച സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഇത് ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരില്ലെന്നു വിവിധ ഗെയിമിങ് കമ്പനികൾ നൽകിയ ഹര്‍ജിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കളിക്കുന്ന ആളുടെ പ്രാവീണ്യം കൊണ്ടു ജയിക്കാവുന്ന കളിയാണ് ഇതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഓൺലൈൻ റമ്മി നിരോധിക്കുകയും നേരിട്ടു കളിക്കുന്നതിന് ഇളവ് അനുവദിക്കുകയും ചെയ്യുന്നത് വിവേചനം ആണെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെതന്നെ നിർദേശത്തിൽ പുറത്തിറക്കിയ സർക്കാർ വിജ്ഞാപനം റദ്ദാക്കിയിരിക്കുന്നത്.
ഫെബ്രുവരി 23-ന് 1960-ലെ കേരള ഗെയിമിങ് ആക്‌ടിൽ മാറ്റംവരുത്തിയാണ് പണം വച്ചുളള ഓൺലൈൻ റമ്മികളി സംസ്ഥാന സർക്കാർ നിരോധിച്ചത്. അതേസമയം ഓണ്‍ലൈന്‍ റമ്മിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മദ്രാസ്സ് ഹൈക്കോടതിയും നീക്കി. ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. വിവിധ ഗെയിമിങ് കമ്പനികളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ ഭേദഗതി വരുത്തിയാണ് സർക്കാർ പണം നൽകിയുള്ള ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിയത്. ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവും മുന്‍പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഓൺലൈൻ റമ്മി, പോക്കർ കളികൾ നിരോധിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയിരുന്നത്. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.
