
കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദിൻ്റെ നഷ്ടം കോൺഗ്രസിനെ സംബന്ധിച്ച് നികത്താനാവാത്തതാണ്. നിലമ്പൂരിനെ വലിയ കാലം നിയമസഭയിൽ പ്രതിനിധീകരിച്ച ആര്യാടൻ കർശക്കശമായ നിലപാടുകളിലൂടെ മലപ്പുറത്തെ കോൺഗ്രസിന് കരുത്ത് നൽകി.
മലപ്പുറത്ത് ആയിരുന്നിട്ട് കൂടിയും മതേതര ചിന്തയുമായി നിലയുറപ്പിച്ച നേതാവ് നിയമസഭയിലും മറ്റും കൈയടി നേടിയ ഉറച്ച ശബ്ദത്തിന് ഉടമയായിരുന്നു. കേരള രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിന്ന നേതാവ് മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഒരു കാലത്തും വഴങ്ങാത്ത നേതാവാണ് ആര്യാടൻ.
കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്.
മുൻ നിലമ്പൂർ എം. എൽ. എ ആയിരുന്ന കെ. കുഞ്ഞാലിയെവധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. എ.കെ ആന്റണിയുടെ വിശ്വസ്തനായി കേരളാ രാഷ്ട്രീയത്തിൽ നിറഞ്ഞ ആര്യാടൻ ഉമ്മൻ ചാണ്ടിയുടെ പല തീരുമാനങ്ങളുടേയും ചാലക ശക്തിയായിരുന്നു. ലീഗിനൊപ്പം കെ. കരുണാകരനേയും എതിർത്താണ് രാഷ്ട്രീയ വളർച്ച സാധ്യമാക്കിയത്.
