
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.131 പേർക്ക് രോഗം ഭേദമായി എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്‍റെ ഫലം പോസിറ്റീവായിട്ടുണ്ട്.
ഡോക്ടേഴ്സ് ഡേയിൽ ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തിന്‍റെ അടിത്തറ. ലോകത്തിന്‍റെ നാനാഭാഗത്തും ജീവൻ ബലികൊടുത്താണ് ആരോഗ്യപ്രവർത്തകർ പ്രവർത്തിക്കുന്നത്.
ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് പ്രവാസികൾ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചു. എന്നാൽ സമ്പർക്കവും മരണവും വലുതായി വർദ്ധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗവ്യാപനം ചെറുക്കാൻ മുന്നിൽ നിൽക്കും- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. തുടർച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയിൽ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ. ഈ ചട്ടം മാറ്റി, ഒരു തവണ കൊവിഡ് നെഗറ്റീവായാൽത്തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പിന്നീട് ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. അതിന് ശേഷം എന്തെങ്കിലും തരത്തിൽ അസുഖം മൂർച്ഛിക്കുന്ന സ്ഥിതി വന്നാൽ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് 19-യുടെ പശ്ചാത്തലത്തിൽ പഠന പ്രക്രിയ മികച്ചതാക്കാൻ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ അനുമതി നൽകി. കെഎസ്എഫ്ഇ വിദ്യാശ്രീ എന്നാണ് പദ്ധതിയുടെ പേര്. കുടുംബശ്രീയുമായി ചേർന്ന് ഇത് പ്രാവർത്തികമാക്കും. പദ്ധതി വഴി ലാപ്ടോപ്പ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സബ്‌സിഡി ലഭ്യമാക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.
മെയ് ഏഴിന് ശേഷം ഇന്നലെ വരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്ത് നിന്നെത്തി. 600 ചാർട്ടേർഡ് വിമാനം. യു.എ.യിൽ നിന്ന് 447 വിമാനങ്ങളിൽ 73000 പേരെത്തി. ആകെ വന്ന 143147 പേരിൽ 52 ശതമാനവും തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസ കാലാവധി തീർന്ന 46753 പേരെത്തി.
1543 വിമാനങ്ങൾക്കാണ് അനുമതി നൽകിയത്. കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകും. ആർക്കും നിഷേധിക്കില്ല. കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായക പങ്കാണ് വിദേശത്ത് ജോലി ചെയ്യുന്നവർ നൽകുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.
