
സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പൊങ്കാലയിടാനെത്തിയ വിദേശികളെ മടക്കി അയച്ചു. കമലേശ്വരത്ത് പൊങ്കാലയിടാനെത്തിയ വിദേശികളെയാണ് മടക്കി അയച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളത്തെ ഒരു സ്വകാര്യ ഹോട്ടല്‍ അധികൃതരാണ് ഇവരെ എത്തിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ 112 എന്ന ടോള്‍ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്. അതേസമയം തന്നെ വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ മുഖേന ഷെയര്‍ ചെയ്യരുതെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. ജില്ലാ ഭരണകൂടവും സര്‍ക്കാരില്‍ നിന്നും തരുന്ന വിവരങ്ങള്‍ മാത്രമേ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാവൂ.അല്ലാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
