കേരളാ കോൺഗ്രസ് യു.ഡി.എഫിന്‍റെ അവിഭാജ്യഘടകം; ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ കോൺഗ്രസ് യു.ഡി.എഫിന്‍റെ അവിഭാജ്യഘടകം; ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്തിട്ടുള്ളത്. കേരളാ കോൺഗ്രസ് യു.ഡി.എഫിന്‍റെ അവിഭാജ്യഘടകമാണ്. ജോസ് പക്ഷം ധാരണ പാലിച്ചാൽ യോഗത്തിൽ പങ്കെടുക്കാമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫിന്‍റെ കെട്ടുറപ്പിന് എടുത്ത തീരുമാനമാണ്. നാല് മാസം ചർച്ച നടത്തിയിട്ടും ധാരണ പാലിക്കാത്തതിനാലാണ് ജോസ് വിഭാഗത്തെ മാറ്റിനിർത്തിയത്. ഏറ്റവുമൊടുവിൽ പോലും നിഷേധാത്മകമായ നിലപാടാണ് ജോസ് കെ. മാണി സ്വീകരിച്ചതെന്നും ചെന്നിത്തല പറയുന്നു.

കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് തീരുമാനിച്ചിട്ടില്ല. യോഗത്തിൽ നിന്ന് മാറ്റിനിർത്തിയത് സംബന്ധിച്ച് ഔദ്യോഗികമായി ജോസ് വിഭാഗത്തെ അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

0Shares