‘കേരളം ഒരുതരത്തിലും കമ്മീഷന്‍ ഏര്‍പ്പാടില്ലാത്ത സംസ്ഥാനം’; ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല: മുഖ്യമന്ത്രി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ‘കേരളം ഒരുതരത്തിലും കമ്മീഷന്‍ ഏര്‍പ്പാടില്ലാത്ത സംസ്ഥാനം’; ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരുതരത്തിലും കമ്മീഷൻ ഏര്‍പ്പാടില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി തീർത്തും ഇല്ലാതാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. മനുഷ്യൻ്റെ ആർത്തിയാണ് അഴിമതിക്ക് കാരണമെന്ന് മുമ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ ഏഴരവർഷമായി താൻ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കവടിയാറിൽ റവന്യൂ വകുപ്പിൻ്റെ സംസ്ഥാന ആസ്ഥാനമായി നിർമിക്കുന്ന റവന്യൂ ഭവൻ്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

‘ആരുടെ മുന്നിലും തലയുയർത്തി നില്‍ക്കാന്‍ ഞങ്ങൾക്ക് സാധിക്കും. ആരുടെയും മുന്നിൽ തലകുനിക്കേണ്ടി വരില്ല. ഈ മന്ത്രിസഭയ്ക്കും ഞങ്ങൾക്ക്‌ എല്ലാവർക്കുമുള്ള പ്രത്യേകത അതുതന്നെയാണ്.

അഴിമതിയുടെ കാര്യം വരുമ്പോൾ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല. ആ തലകുനിക്കാത്ത അവസ്ഥ എല്ലാവർക്കും ഉണ്ടാക്കാനാവണം. ഞങ്ങൾ മാത്രമുണ്ടാക്കിയാൽ പോരാ. എല്ലാവരും ആ നിലയിലേക്കെത്തണം’- മുഖ്യമന്ത്രി പറഞ്ഞു.

‘നല്ല ശമ്പളം പറ്റുന്ന ഒരാളാണ്, ഒരു ന്യായമായ കാര്യത്തിന് അയാളെ ഒരാൾ സമീപിച്ചപ്പോൾ പണം ചോദിക്കുന്നത്. അപ്പോൾ വിജിലൻസ് പിടികൂടുന്ന അവസ്ഥയാണ് വന്നത്. ഇത്തരമൊരു നിലയിലേക്ക് നാം അധഃപതിക്കാതിരിക്കണം. നല്ലതോതിൽ സംസ്ഥാനം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവർത്തനം നമുക്ക് നടത്താനാവണം’- മുഖ്യമന്ത്രി പറഞ്ഞു.

ആരെങ്കിലും മനഃസമാധാനം തകർക്കാൻ ശ്രമിച്ചാൽ തകരില്ല. കുറ്റം ചെയ്‌താൽ മാത്രമേ മനഃസമാധാനം തകരൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

0Shares