
കാസർകോട്: കയ്യൂര്‍ ജി.എല്‍.പി സ്‌കൂളിൻ്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അഖിലേന്ത്യ പ്രദര്‍ശനമേള കയ്യൂര്‍ ഫെസ്റ്റ് ഡിസംബര്‍ 24 മുതല്‍ ജനുവരി ആറു വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും.
24ന് വൈകുന്നേരം ഏഴിന് കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. ഫെസ്റ്റിൻ്റെ ഭാഗമായി ശാസ്ത്ര, വിദ്യഭ്യാസ, ആരോഗ്യ, കാര്‍ഷിക പ്രദര്‍ശനങ്ങള്‍ നടക്കും. ഐ.എസ്.ആർ.ഓ , ശാസ്ത്രസാങ്കേതിക വകുപ്പ്, പുരാവസ്തു- പുരാരേഖ വകുപ്പ്, പോലീസ് -ഫയര്‍ഫോഴ്സ്, വ്യവസായം, ടൂറിസം& മ്യൂസിയം, വനം, ഫിഷറീസ് , എക്സൈസ് എന്നീ വകുപ്പുകളുടെ പ്രദര്‍ശനങ്ങള്‍ അണിനിരക്കും.

സി.പി.സി.ആര്‍.ഐ, കാര്‍ഷിക കോളജ്, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, കെ.എസ്ഇ.ബി, ബി.എസ്എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, ഐ.ടി.ഐ-ജെ.ടി.എസ്, സി.ആര്‍.പി.എഫ്, മെഡിക്കല്‍ കോളജ്, കുടുംബശ്രീ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പ്രദര്‍ശനങ്ങള്‍ ഫെസ്റ്റില്‍ ഉണ്ടാകും. അമ്യൂസ്മെന്റ് പാര്‍ക്ക്, ഫ്ളവര്‍ ഷോ, ഫുഡ്കോര്‍ട്ട്, വിപണനസ്റ്റാളുകള്‍, എല്ലാദിവസവും കലാപരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമാകും.
സാംസ്‌കാരിക വകുപ്പ് അവതരിപ്പിക്കുന്ന 60 കലാകാരന്മാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ട്രൈബല്‍ ഫെസ്റ്റ്, പ്രശസ്തരായ ഗായകര്‍ നയിക്കുന്ന ഗാനമേളകള്‍, പുതുവത്സര പ്രത്യേകപരിപാടികള്‍, ഗസല്‍ സന്ധ്യ, പ്രസീത ചാലക്കുടി നയിക്കുന്ന മെഗാ സ്റ്റേജ് ഷോ, കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന നാടകം തുടങ്ങി വിവിധ പരിപാടികള്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടക്കും.
