
നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും. നിലവില്‍ തീരുമാനത്തിന് മാറ്റമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചാണ്. ആലുവയിലുള്ള ദിലീപിൻ്റെ വീടായ പദ്മ സരോവരത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

എന്നാൽ ചോദ്യം ചെയ്യലില്‍ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ദിലീപിൻ്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരേയും ബുധനാഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. ഇരുവരും നോട്ടീസ് നേരിട്ട് കൈ പറ്റിയിരുന്നില്ല. പലതവണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരേയും ലഭിച്ചില്ല. ഇന്ന് വൈകിട്ടോടെ ഇരുവരുടെയും വീട്ടില്‍ പൊലീസെത്തി നോട്ടീസ് പതിച്ചു.
