
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ ചലച്ചിത്രോത്സവം കാസര്‍കോട് സിനി കാര്‍ണിവലിനു തുടക്കമായി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട പത്ത് ഗ്രാമ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയില്‍ കാസര്‍കോട്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.
പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജി.ബി.വത്സന്‍, പഞ്ചായത്ത് അംഗങ്ങളായ സി.കെ.സവിത, ഇ.വി.കുഞ്ഞമ്പു, രതീഷ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. ഓപ്പണ്‍ ഫോറത്തില്‍ കെ.ബി.സുബിന്‍, ഡോ.മഞ്ജുള എന്നിവര്‍ മോഡറേറ്ററായി.
രാവിലെ മുതല്‍ രാത്രിവരെ നടന്ന പ്രദര്‍ശനത്തില്‍ കുട്ടികളടക്കം നാനൂറോളം പേര്‍ സിനിമ കാണാനെത്തി . കുട്ടികളുടെ പാക്കേജിന് പുറമെ മീര നായരുടെ ക്വീന്‍ ഓഫ് കാത്വേ, ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍, ജയന്‍ മാങ്ങാട് സംവിധാനം ചെയ്ത തെയ്യാട്ടം, അമിത് മന്‍സൂക്കറിൻ്റെ ന്യൂട്ടണ്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

പത്തു ദിവസം നീളുന്ന ഗ്രാമീണ ചലച്ചിത്രോത്സവം കൊടക്കാട് കണ്ണങ്കൈയിലും നടന്നു. ഫെബ്രുവരി 3ന് നടക്കാവ് ശ്രീരാഗം മിനി ഓഡിറ്റോറിയത്തിലും നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മടിക്കൈ, രാവണേശ്വരം, ഇരിയണ്ണി, മഞ്ചേശ്വരം, ചിറ്റാരിക്കല്‍, കാറഡുക്ക, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളിലും ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ഉണ്ടാവും. മേളയില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും.
