
കാസർകോട് ജില്ലയിലെ അതിർത്തി റോഡുകൾ അടച്ചപ്പോഴാണ് സത്യത്തിൽ ജില്ലയുടെ ആരോഗ്യരംഗത്തെ കുറിച്ച് സർക്കാർ സംവിധാനങ്ങൾ കാര്യമായി തന്നെ ചിന്തിക്കുന്നത് എന്നത് ഒരു വാസ്തവം പോലെ നമ്മുടെ മുൻപിലുണ്ട്.അതേസമയം തന്നെ അത്ര പിന്നിൽ അല്ലാത്ത ഒരു ആരോഗ്യമേഖലയും ജില്ലയ്ക്ക് സ്വന്തമാണ് എന്നതാണ് സത്യം. അത് എങ്ങിനെ എന്നും ഭാവിയിൽ എങ്ങിനെ ആകണം എന്നും ഒരു ഫേസ് ബുക്ക് പോസ്റ്റിൽ വിവരിച്ചിരിക്കുകയാണ് കാസർകോട്ടെ പ്രമുഖ വ്യവസായിയായ യഹ്യ തളങ്കര.

ഗൾഫ് പണം വന്നപ്പോൾ പ്രൈവറ്റ് സ്‌കൂൾ പോലെ പുതിയ ആശുപത്രിയിലും മംഗലാപുരം സൂപ്പർ സ്പെഷ്യലിറ്റിയിലുമായി നാം അലഞ്ഞു നടന്നു.. അവർ തഴച്ച് വളർന്നു..നമ്മുടെ മുറ്റത്തെ മുല്ല മെല്ലെ വാടി കുഴയാൻ തുടങ്ങി. അദ്ദേഹം പറയുന്നു.
അതേപോലെ തന്നെ മാലിക് ദീനാർ ആശുപത്രിക്ക് അവഗണന പേറേണ്ടി വന്നതും, ഇവിടെ ഇനി എന്ത് സൂപ്പർ സ്പെഷ്യലിറ്റി വന്നാലും നമ്മുടെ മനോഭാവം മാറിയില്ലെങ്കിൽ ഇത് തന്നെ ഗതി എന്നും അദ്ദേഹം പറയുന്നു. മംഗളൂരു ലോബി ശക്തരാണ്.. ഒരാശുപത്രിയെയും ഇവിടെ വളരാൻ വിടില്ല.. ആരെങ്കിലും കഷ്ടപ്പെട്ട് തുറന്നാൽ MRI അടക്കം ഫീ കുറച്ച് തകർക്കാൻ നോക്കും, എന്നാൽഅതിനെ മറികടക്കാൻ കെല്പുള്ള ടീം വന്നാൽ നടക്കുമെന്നും യഹ്യ തളങ്കര പറയുന്നു.
നഗരത്തിന് തൊട്ടടുത്ത് എനിക്കുമുണ്ട് പത്തേക്കർ സ്ഥലം.. ആരെങ്കിലും മുതൽ മുടക്കാൻ തെയ്യാറെങ്കിൽ
സംസാരിക്കാം.. എനിക്കായി ഒരു വാഗ്ദാനവും ഇല്ല. അള മുട്ടിയാൽ ചേരയും കടിക്കും.. ഇന്ന് കാസർകോടിന്‍റെ മനസ്സ് അതാണ് പറയുന്നത് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
