
കാസർകോട്: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിൻ്റെ ഭാഗമായി നഗരസഭയിലെ ബീരന്ത് ബയല്‍, താളിപ്പടുപ്പ് തോട് ശുചീകരിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജല നടത്തവും ജലസഭയും സംഘടിപ്പിച്ചിരുന്നു.

ജല സഭയിലെ നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തോട് ശുചീകരണം നടത്തിയത്. മലിനമായ തോടിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലിനീകരണ തോത് അറിയാനായി ജലത്തിൻ്റെ സാമ്പിള്‍ ശേഖരണം നടത്തി. ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നഗരസഭ ഷ്രഡിംഗ് യൂണിറ്റിലേക്ക് മാറ്റി.
നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍മാരായ അശ്വിനി, പി. രമേശ്, നഗരസഭാ സെക്രട്ടറി എസ് ബിജു എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, കണ്ടിജന്റ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വാര്‍ഡ് നിവാസികള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
