
കാസർകോട്: നഗരസഭാ തെരുവ് കച്ചവട സമിതിയിലേക്ക് ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനങ്ങളിലും എസ്. ടി. യു സ്ഥാനാർത്ഥികൾ ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. കേന്ദ്ര തെരുവ് കച്ചവട നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കാസർകോട് നഗരസഭാ പരിധിയിലെ അംഗീകൃത തെരുവ് കച്ചവടക്കാരിൽ നിന്നാണ് അഞ്ച് അംഗ സമിതിയെ തിരഞ്ഞെടുത്തത്.
മൈനോറിറ്റി വിഭാഗത്തിൽ നിന്നും എസ്.ടി.യു പ്രതിനിധി യു.അബ്ദുൾ ഖാദർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.നാല് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ 87 ശതമാനം വോട്ടുകൾ നേടി നാല് എസ്.ടി.യു സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു. സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ ( എസ്.ടി.യു) സംസ്ഥാന ട്രഷറർ മുഹമ്മദ് ബേഡകം, ജില്ലാ സെക്രട്ടറി റഫീഖ്, സി.എം.അബൂബക്കർ ,ജി.ഹരിചന്ദ്ര എന്നിവരാണ് വെള്ളിയാഴ്ച്ച നഗരസഭ വനിതാ ഭവൻ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

നഗര പ്രദേശത്തെ തെരുവ് കച്ചവടക്കാരെയും തൊഴിലാളികളെയും ചേർത്ത് നിർത്തുകയും കോവിഡ് മഹാമാരിക്കിടയിലും തൊഴിലാളികൾക്ക് ആവശ്യമായ സഹായ സഹകരങ്ങൾ നൽകുകയും ചെയ്ത എസ്.ടി.യുവിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് യൂണിയൻ ജില്ലാ പ്രസിഡൻറ് അഷ്റഫ് എടനീർ പറഞ്ഞു വിജയികളെ എസ്.ടി.യു ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
