
കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്തിന്‍റെ 2019-20 വാർഷിക പദ്ധതിയിലെ പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട ”പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത തെയ്യം കലാകാരാൻമാരുടെ സംഘങ്ങൾക്ക് ആടയാഭരണങ്ങൾ വാങ്ങാൻ ധനസഹായം” എന്നതിലെ ആടയാഭരണങ്ങളുടെ വിതരണോദ്ഘാടനം ലോക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് 27-05-2020ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പറും പട്ടികജാതി വികസന വർക്കിംഗ് ഗ്രൂപ്പ് ചെയർമാനുമായ കെ. കേളുപണിക്കരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി എസ് റിപ്പോർട്ട് അവതരണവും റിസർച്ച് അസിസ്റ്റന്റ് പ്രശാന്ത് മണലിൽത്താഴ നന്ദിയും പ്രകാശിപ്പിച്ചു. ജില്ലയിലെ 5 സംഘങ്ങളെയാണ് ഈ പദ്ധതിയിൽ തെരഞ്ഞെടുത്തത്. ചെറുവത്തൂരിലെ മാധവം തെയ്യം കലാ ഗ്രൂപ്പിനാണ് ആടയാഭരണങ്ങൾ വിതരണം ചെയ്തത്.
