
കാസര്‍കോട്: ജില്ലയില്‍ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികളുമായി റവന്യൂ വകുപ്പ്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ കടവുകളില്‍ രാത്രിയില്‍ മിന്നല്‍ പരിശോധന നടത്തി. തൂക്കുപാലം വയലാം കുഴി കടവിൽ നിന്നും മണല്‍ കടത്തുകയായിരുന്ന ലോറിയും വള്ളവും കസ്റ്റഡിയില്‍ എടുത്തു. മണല്‍ കടത്തിയിരുന്നവര്‍ ഈ സമയം വെള്ളത്തില്‍ ചാടി രക്ഷപെടുകയായിരുന്നു.

കളക്ടര്‍ക്കൊപ്പം ഗണ്‍മാന്‍ ദിലീഷ് കുമാർ എൽ.ആർ, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. കളക്ടർ പരിശോധനക്കെത്തിയത് അറിഞ്ഞ തഹൽസീദാരും പോലീസും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തുകയും മറ്റു നടപടി ക്രമങ്ങൾ ആരംഭിക്കുകയുമായിരുന്നു. മണൽ കടത്താൻ ഉപയോഗിച്ച വള്ളം (തോണി) ജെ.സി.ബി ഉപയോഗിച്ച് തകർത്തു. ലോറി കസ്റ്റഡിയിലാണ്. വേനല്‍ ശക്തമാകുന്നതോടെ പുഴകള്‍ വറ്റുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം.
