
കൊറോണ വൈറസ് വ്യാപനം തടയുക എന്ന മുന്‍ കരുതലിന്‍റെ ഭാഗമായി മുംബൈയില്‍ നിന്നും എത്തിയ 32 അംഗ സംഘത്തെ കാസര്‍കോട് പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന കാസര്‍കോട്ട് വലിയപറമ്പ് സ്വദേശികളെയാണ് താത്കാലികമായി സജ്ജമാക്കിയ ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്.ഇതിനായി വലിയപറമ്പ് പടന്നക്കടപ്പുറം ഗവര്‍ണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് താത്കാലികമായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്.

അടുത്ത 14 ദിവസം വരെ ഇവര്‍ നിരീക്ഷണത്തിലായിരിക്കും. നിലവില്‍ ഇവരിലാര്‍ക്കും രോഗലക്ഷണങ്ങളില്ലെങ്കിലും മുന്‍ കരുതലിന്‍റെ ഭാഗമായാണ് അവരെ ഐസൊലേറ്റ് ചെയ്തിരിക്കുന്നത്. അതേസമയം കാസര്‍കോട് ജില്ലയില്‍ നിലവില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് തുടരുന്നത്.
അടുത്ത രണ്ടാഴ്ച ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലനില്‍ക്കുക. നിലവില്‍ സംസ്ഥാനത്ത് 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 49 പേരാണ് ചികിത്സയിലുള്ളത്. കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയിലുള്ളത്.
