
കാസർകോട്: ജില്ലയില്‍ ഹരിതാഭ വിടര്‍ത്തി 505 പച്ചത്തുരുത്തുകള്‍. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കലിൻ്റെ മുഖ്യകണ്ണിയായി രൂപപ്പെടുന്നവയാണ്് ജൈവ വൈവിധ്യത്തിൻ്റെ പച്ചത്തുരുത്തുകള്‍. സ്‌കൂള്‍ പരിസരങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒഴിഞ്ഞ പ്രദേശങ്ങളിലും സ്വാഭാവിക ചെറു വനങ്ങളുണ്ടാക്കി ആവാസ വ്യവസ്ഥയെ തിരികെ പിടിച്ച് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ചെറുക്കാനുള്ള കര്‍മ്മ പദ്ധതിയായാണ് പച്ചത്തുരുത്തുകള്‍ അവതരിപ്പിച്ചത്.
ജലസംരക്ഷണം, കൃഷി, മാലിന്യ സംസ്‌കരണം എന്നീ മൂന്നു മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന തീര്‍ത്തും നവീനമായ ഒരു കാഴ്ചപ്പാടാണ് പച്ചത്തുരുത്തുകള്‍. ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് പദ്ധതി നടത്തി വരുന്നത്.
നിലവിലുള്ള കാര്‍ഷിക ഭൂമിയുടേയോ വനഭൂമിയുടേയോ ഘടനക്ക് മാറ്റമൊന്നും വരുത്താതെ, സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതു / സ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിൻ്റെ സവിശേഷതകള്‍ക്കിണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി രൂപപ്പെടുത്തിയെടുക്കുന്ന ചെറു വനങ്ങളെയാണ് പച്ചത്തുരുത്തുകള്‍ എന്നു പറയുന്നത്.
2019 ജൂണ്‍ 5ന് അന്നത്തെ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പച്ചത്തുരുത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആ വര്‍ഷം ജില്ലയില്‍ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 89 പച്ചത്തുരുത്തുകളാണ് തുടങ്ങിയത്. തുടര്‍ന്ന് 2020 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലാകെ 342 പച്ചത്തുരുത്തുകള്‍ പുതുതായി തുടങ്ങി. അങ്ങനെ 40 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മൊത്തം 431 പച്ചത്തുരുത്തുകള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു.
2020 ല്‍ പിരിഞ്ഞു പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓര്‍മ്മത്തുരുത്തായി പന്ത്രണ്ടും, പുതുതായി വന്ന ഭരണ സമിതിയുടെ പേരില്‍ പത്തും ജില്ലാ പഞ്ചായത്തിൻ്റെ ‘വസുധ’ പ്രോജക്ടിൻ്റെ ഭാഗമായി പന്ത്രണ്ടും പച്ചത്തുരുത്തുകള്‍ സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ 5 പച്ചത്തുരുത്തുകള്‍ ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 10ന് എം രാജഗോപാലന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ നവകേരളം സ്മരണിക പച്ചത്തുരുത്ത് കയ്യൂര്‍ ഐ ടി ഐ യില്‍ തുടക്കം കുറിച്ചിരുന്നു.
ഇതോടൊപ്പം ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 2021 ല്‍ പച്ചത്തുരുത്തുകള്‍ പുതുതായി ഉണ്ടാക്കി. ഈ വര്‍ഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും ചില തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പച്ചത്തുരുത്തുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 505 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പച്ചത്തുരുത്തുകളുടെ മൊത്തം വിസ്തീര്‍ണ്ണം 124.92 ഏക്കറാണ്. മൊത്തം 77894 വൃക്ഷത്തൈകളാണ് നട്ടിട്ടുണ്ടായിരുന്നത്.

ജില്ലയില്‍ നിലവില്‍ 4 മിയാവാക്കി പച്ചത്തുരുത്തുകളുമുണ്ട്. തൃക്കരിപ്പൂരിലെ നടക്കാവ്, കാഞ്ഞങ്ങാട് നഗരസഭയിലെ മോനാച്ച, ഉദുമയിലെ ബേക്കല്‍, ചെങ്കളയിലെ വിദ്യാനഗര്‍ എന്നിവിടങ്ങളിലാണവ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിലെ വലിയ പച്ചത്തുരുത്തായത് പൈവളിഗെ പഞ്ചായത്തിലെ കനിയാല്‍ത്തടക്ക പച്ചത്തുരുത്താണ്. 7.75 ഏക്കര്‍ പ്രദേശത്ത് 1000 വൃക്ഷതൈകളാണ് ഇവിടെ നട്ട് പരിപാലിക്കുന്നത്. 2020 മെയ് ആറിനാണ് ഈ പച്ചത്തുരുത്ത് ഒരുക്കിയത്. ഏറ്റവും കൂടുതല്‍ വൃക്ഷങ്ങളുള്ള പച്ചത്തുരുത്ത് കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്തെ ശാസ്തംപാറയാണ്. ഏഴ് ഏക്കര്‍ പ്രദേശത്ത് 2900 വൃക്ഷങ്ങളാണ് ഇവിടെ നട്ട് പരിപാലിച്ചു വരുന്നത്.
2020 മെയ് 20നാണ് ഇവിടെ പച്ചത്തുരുത്ത് തീര്‍ത്തത്. പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ സ്‌കൂളില്‍ തീര്‍ത്ത അംഗടിമുഗര്‍ പച്ചത്തുരുത്ത് അഞ്ച് ഏക്കര്‍ പ്രദേശത്ത് ആയിരം വൃക്ഷതൈകള്‍ നട്ട് പരിപാലിക്കുന്നുണ്ട്. 2020 മെയ് ആറിനാണ് അംഗടിമുഗര്‍ പച്ചത്തുരുത്ത് ഒരുക്കിയത്.
