ദേശീയപാതാ വികസനം: അത്യാവശ്യ മേഖലകളിൽ ഫ്ലൈ ഓവർ ബ്രിഡ്ജ്, വാഹന – കാൽനട അടിപ്പാതകൾ അനുവദിക്കണം; കാസർകോട് നഗരസഭ പ്രമേയം പാസ്സാക്കി

  • Post category:local news
  • Reading time:1 min read
You are currently viewing ദേശീയപാതാ വികസനം:  അത്യാവശ്യ മേഖലകളിൽ ഫ്ലൈ ഓവർ ബ്രിഡ്ജ്, വാഹന – കാൽനട അടിപ്പാതകൾ അനുവദിക്കണം; കാസർകോട് നഗരസഭ പ്രമേയം പാസ്സാക്കി

കാസർകോട്: ദേശീയപാതാ 66 വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങളും ആശങ്കകളും പരിഹരിച്ചും നഗരസഭയിലെ അത്യാവശ്യ മേഖലകളിൽ ഫ്ലൈ ഓവർ ബ്രിഡ്ജ്, വാഹന – കാൽനട അടിപ്പാതകൾ അനുവദിച്ചും മാത്രമേ പ്രവൃത്തികളുമായി മുന്നോട്ട് പോകാൻ പാടുള്ളൂ എന്നാവശ്യപ്പെട്ട് കാസർകോട് നഗരസഭയിൽ പ്രമേയം പാസ്സാക്കി. മുസ്‌ലിം ലീഗ് അംഗം സഹീർ ആസിഫാണ് പ്രമേയം അവതരിപ്പിച്ചത്.

ദേശീയപാത വികസന പ്രവൃത്തി നടന്നുവരുന്ന തലപ്പാടി- ചെങ്കള റീച്ചിലെ ഏറ്റവും കൂടുതൽ ജനബാഹുല്യമേറിയതും വാഹന ഗതാഗത തിരക്കുള്ളതുമായ പ്രദേശമാണ് കാസർകോട് നഗരസഭ മേഖല.


പ്രവൃത്തി പൂർത്തിയായാൽ കാസർകോട് ഗവ. കോളേജ്, മുനിസിപ്പൽ ജി.യു.പി.എസ് അടുക്കത്ത്ബയൽ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, കേന്ദ്ര – കേരള സർക്കാർ ഓഫീസുകളും, മുനിസിപ്പൽ സ്റ്റേഡിയം, സർക്കാർ – സ്വകാര്യ ആശുപത്രികളും, ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ട് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വന്മതിൽ കെട്ടി കാൽനട പോലും അസാധ്യമാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിലാണ് ദേശീയപാത നിർമ്മാണം നടന്ന് വരുന്നത്. അശാസ്ത്രീയമായ അലൈൻമെന്റ് മൂലവും, പദ്ധതി നടപ്പിലാക്കുമ്പോൾ പ്രദേശത്തെ എം.പി, എം.എൽ.എ, തദ്ദേശസ്ഥാപനങ്ങളുടെ മേധാവികളുമായി ചർച്ച ചെയ്യാത്തതുമാണ് ജനങ്ങൾക്ക് ഈ ദുരിതം ഉണ്ടായത്.

തെറ്റായ അലൈൻമെന്റിൽ മാറ്റം വരുത്തി ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്ന വിധം വിദ്യാനഗർ ഗവ. കോളേജ് മുതൽ നായന്മാർമൂല വരെ ഫ്ലൈ ഓവറും, അണങ്കൂർ ജംഗ്ഷനിലും അടുക്കത്ത്ബയൽ സ്കൂളിന്റെ മുൻവശത്തും അടിപ്പാതയും, ഫ്ലൈഓവർ ഇല്ലാത്ത പ്രദേശത്ത് ബസ്‌സ്റ്റോപ്പുകൾ കേന്ദ്രീകരിച്ഛ് പെഡസ്ട്രയിൻ അടിപ്പാതയും നിർമ്മിക്കണമെന്ന് ഈ പ്രമേയത്തിലൂടെ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. കൗൺസിലർ ഇഖ്ബാൽ ബാങ്കോട് പ്രമേയത്തെ പിന്താങ്ങി. ബി.ജെ.പി കൗൺസിലർമാർ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നു.

0Shares